തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ജീവനക്കാർ 5 ദിവസത്തെ ശമ്പളം നൽകുന്നതിനുള്ള സമ്മതപത്രം ഈ മാസം എഴുതിവാങ്ങി സെപ്തംബർ മാസത്തെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ ആലോചന. ഇതിനുള്ള സർക്കുലർ വൈകാതെ പുറത്തിറക്കും
ഒരുമിച്ച് അഞ്ച് ദിവസത്തെ ശമ്പളമോ, തവണകളായോ പിടിക്കേണ്ടത്
എന്നാണ് സമ്മതപത്രത്തിൽ അറിയിക്കേണ്ടത്.തവണകളാണെങ്കിൽ ആദ്യത്തെ മാസം ഒരു ദിവസത്തെയും പിന്നീടുള്ള രണ്ട് മാസങ്ങളിൽ രണ്ട് ദിവസത്തെ വീതം ശമ്പളവും പിടിക്കും.വയനാട് പുനരധിവാസ പദ്ധതി പൂർത്തിയാകുമ്പോഴേ എത്ര തുക വേണ്ടിവരുമെന്ന് അറിയാനാകു.എന്നാൽ കേന്ദ്രസഹായം ലഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് ആയിരം കോടിയെങ്കിലും കണ്ടെത്തുകയാണ് ലക്ഷ്യം.പരമാവധി ജീവനക്കാരോട് ഒറ്റത്തവണയായി തന്നെ തുക നൽകണമെന്നാണ് അഭ്യർത്ഥന.
സമ്മതപത്രം ഡി.ഡി.ഒ.മാർക്കാണു നൽകേണ്ടത്.
ജീവനക്കാരുടെ സംഘടനകളും സമ്മതപത്രം വിതരണം ചെയ്യാൻ രംഗത്തിറങ്ങും. വയനാട് ദുരന്തം കണക്കിലെടുത്ത് ചെലവുകൾ വെട്ടിക്കുറയ്ക്കണമെന്ന നിർദേശംസർക്കാരിനു മുന്നിലുണ്ട്. ശമ്പളം പിടിക്കുന്നതിനാൽ ചെലവ് കുറയ്ക്കുന്നതിന്റെ പേരിൽ ഓണം ബോണസും ഉത്സവബത്തയും വെട്ടിക്കുറയ്ക്കാനുള്ള സാധ്യത കുറവാണെന്നാണ് ജീവനക്കാർ കരുതുന്നത്. ഒരു മാസം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് ജീവനക്കാർക്കും ശമ്പളം കൊടുക്കാൻ വേണ്ടത് 3400 കോടിയാണ്.ശമ്പളം പിടിക്കുന്നതിലൂടെ 500കോടിയിൽ താഴെയാണ് ലഭിക്കുക.
ദുരിതാശ്വാസനിധി-
സംഭാവന കുറവ്
രണ്ട് പ്രളയകാലത്തും കോവിഡ് മഹാമാരിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയ്യയച്ച് സംഭാവന കൊടുത്ത മലയാളികൾ വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിൽ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന് സൂചന. 110.74 കോടിയാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ലഭിച്ചത്.ദുരിതാശ്വാസനിധിക്കെതിരെ ഉയർന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ഫണ്ട് വരവിനെ ബാധിച്ചുവെന്നാണിത് വ്യക്തമാക്കുന്നത്. പ്രളയ കാലത്ത് 4970 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത്. ഇതിൽ നിന്ന് 4738.77കോടി വിവിധ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. കോവിഡ് കാലത്ത് 1129.74 കോടി വന്നു. 1111.15കോടി ഈയിനത്തിൽ ചെലവഴിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് സംസ്ഥാനത്ത് 40ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സംവരണം വിഷയം:
ആശങ്ക വേണ്ടെന്ന്
എ.കെ ബാലൻ
തിരുവനന്തപുരം: മേൽത്തട്ട് സംവരണത്തിൽ നിന്ന് പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി പരാമർശത്തിൽ ആശങ്ക വേണ്ടെന്ന് സി.പി.എം കേന്ദ്രക്കമ്മറ്റിയംഗം എ.കെ ബാലൻ. ഈ വിഭാഗങ്ങളിലെ ഉപ വിഭാഗങ്ങളെ സംവരണാനുകൂല്യത്തിനായി വേർതിരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദ്ദേശമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. വിഷയത്തിൽ സർക്കാർ നിലപാട് സ്വീകരിക്കേണ്ടി വന്നാൽ പട്ടികജാതി,പട്ടികവർഗ സംഘടനകളുമായി രൂപപ്പെടുത്തുന്ന പൊതു അഭിപ്രായത്തിന്റെ ഭാഗമായി മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.