kalajadha

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷന്റെ സഹകരണത്തോടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളെയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഹരിത വിദ്യാലയ പ്രഖ്യാപന കലാജാഥയായ "പുലരി"ക്ക് തുടക്കമായി.

പാറശാല ജി.വി.എച്ച്.എസ് സ്‌കൂളിൽ നിന്നാരംഭിച്ച കലാജാഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഫ്ലാഗ് ഓഫ് ചെയ്തു. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷയായി. ഹരിതകേരള മിഷൻ ജില്ലാ കോ-ഒാർഡിനേറ്റർ സി.അശോക് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എൽ.വിനിതകുമാരി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എസ്.വീണ, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ റാണി, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജയൻ, ഹരിതകേരള മിഷൻ ബ്ലോക്ക് കോ-ഒർഡിനേറ്റർ ജെയിംസ്, ബി.പി.ഒ സുഗത, ബ്ലോക്ക് വനിതാക്ഷേമ വികസന ഓഫീസർ സെലിൻമേരി, ജാഥാ കോ-ഓർഡിനേറ്റർ അജികുമാർ, പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ, എസ്.എം.സി ചെയർമാൻ മണി, ബിനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി കരീം തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി പര്യടനം നടത്തുന്ന കലാജാഥയുടെ സമാപന സമ്മേളനം വിരാലി സ്കൂളിൽ കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.