തിരുവനന്തപുരം: എസ്.എഫ്.ഐയുടെ 46-ാം ജില്ലാ സമ്മേളനത്തിന് കഴക്കൂട്ടത്ത് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വിദ്യാർത്ഥികളിലടക്കം വർഗീയത വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതെന്ന് വിജിൻ പറഞ്ഞു. 1957ലെ ഇ.എം.എസ് സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ നയമാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന് തുടക്കമിട്ടത്. ഇന്ത്യയുടെ വിഭ്യാഭ്യാസ മേഖലയെ വർഗീയവത്‌കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി എസ്.കെ.ആദർശ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ സംഘടനാ റിപ്പോർട്ടും എം.ബി.വീണ രക്തസാക്ഷി പ്രമേയവും എം.മനേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എസ്.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ അഫ്‌സൽ, സെറീനാ സലാം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഞ്ജു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. 360 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.