കഴക്കൂട്ടം: ഓൺലൈൻ ട്രേഡിംഗിലൂടെ ചാന്നാങ്കര സ്വദേശിയായ രഹ്നയുടെ 21 ലക്ഷം തട്ടിയെടുത്ത കേസിൽ മൂന്നുപേരെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശികളായ അരുൺകുമാർ (32),സഞ്ജയ് (21),ഉബൈദ് (19) എന്നിവരാണ് പിടിയിലായത്.
ഓൺലൈൻ ട്രേഡിംഗ് വഴി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വാട്‌സ്ആപ്പ്,ഇൻസ്റ്റഗ്രാം,ടെലഗ്രാം തുടങ്ങിയ സമൂഹ്യമാദ്ധ്യമ പ്ലാറ്റ്ഫോമുകളിലൂടെ സ്ക്രീൻഷോട്ടും ലിങ്കും പങ്കുവച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ബിസിനസ് നടത്തുമ്പോൾ ദിവസവും 5000 രൂപ ലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് സംഘം പലരെയും വലയിൽ വീഴ്‌ത്തിയത്. സി.ഐ സാജൻ,എസ്.ഐ അനൂപ്,ഗ്രേഡ് എസ്.ഐ ജ്യോതിഷ്,സി.പി.ഒ അനീഷ്,സി.പി.ഒ സുരേഷ്‌കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.