തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് ചർച്ച ചെയ്യാൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗത്തിൽ കൗൺസിലർമാർ കൂട്ടത്തോടെ മുങ്ങി. തോട് കടന്നുപോകുന്നത് ഏഴ് വാർഡുകളിലൂടെയാണെങ്കിലും പങ്കെടുത്തത് മൂന്ന് കൗൺസിലർമാർ മാത്രം. ആകെ പങ്കെടുത്തത് 28 പേരും. കൗൺസിലർമാരുടെ പങ്കാളിത്തക്കുറവ് മന്ത്രി എം.ബി.രാജേഷിനെ ചൊടിപ്പിക്കുകയും ചെയ്തു. ഇതാണ് കൗൺസിലർമാരുടെ ഉത്തരവാദിത്വമെങ്കിൽ എങ്ങനെയാണ് പ്രശ്നം പരിഹരിക്കുന്നതെന്ന് മന്ത്രി രൂക്ഷമായ ഭാഷയിൽ ചോദിച്ചു.

ആമയിഴഞ്ചാൻ തോട്ടിലും പൊതുയിടങ്ങളിലും മാലിന്യമിടുന്നവർക്കെതിരെ നടപടിയെടുക്കുന്നത് കർശനമായി തുടരാൻ മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു . മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെ സ്ഥിതി യോഗം വിലയിരുത്തി. മാലിന്യം തള്ളുന്ന സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകുന്നത് തുടരാനും നിശ്ചിത കാലാവധി കഴിഞ്ഞാൽ നടപടിയെടുക്കാനും തീരുമാനിച്ചു. നൈറ്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കും. മാലിന്യം തള്ളിയതിന് പിടിച്ചെടുത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. ഇതുവരെ അവ വിട്ടുനൽകിയിട്ടുമില്ല. മോട്ടോർ വാഹനവകുപ്പിന്റെ സഹകരണത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണ്. കോർപ്പറേഷൻ കൗൺസിലർമാരുടെ പൂർണ സഹകരണം യോഗത്തിൽ ഉറപ്പാക്കി. അനധികൃത മാലിന്യം തള്ളുന്നവർക്കെതിരെ വിട്ടുവീഴ്ചയുണ്ടാവരുതെന്നും ജനപ്രതിനിധികൾ സമ്മർദ്ദത്തിൽപ്പെടാതെ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, സെക്രട്ടറി എസ്. ജഹാംഗീർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു, വിവിധ കക്ഷിനേതാക്കളായ ഡി.ആർ.അനിൽ, ജോൺസൺ ജോസഫ്, എം.ആർ. ഗോപൻ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ, മാലിന്യമുക്ത നവകേരളം പദ്ധതിയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആമയിഴഞ്ചാൻ തോട്ടുമായി ബന്ധപ്പെട്ട് മന്ത്രി നേരിട്ട് വിളിക്കുന്ന മൂന്നാമത്തെ യോഗമായിരുന്നു ഇന്നലത്തേത്.