തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി ക്യാമ്പസിലെ സിദ്ധാർത്ഥിന്റെ മരണമടക്കം സംഘടനയുമായി ബന്ധപ്പെട്ട് ക്യാമ്പസിലുണ്ടാവുന്ന ചില പ്രവർത്തനങ്ങൾ എസ്.എഫ്.ഐക്ക് തിരിച്ചടിയായെന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനം. ജില്ലാ സെക്രട്ടറി എസ്.കെ.ആദർശ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് സ്വയം വിമർശനമുള്ളത്. ഇത് വിദ്യാർത്ഥി നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. ഇത്തരം സംഭവങ്ങൾ ഇടതുപക്ഷ പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാ ജില്ലാ കമ്മിറ്റികളും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്.

ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്നവർ ഒരു കാരണവശാലും അവിടെ വിദ്യാർത്ഥികളല്ലാത്തവരെ താമസിപ്പിക്കാൻ പാടില്ല. തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ പോലും ചില വിഷയങ്ങളുണ്ടെന്ന് മാദ്ധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുന്നു. ഇത്തരം വിഷയങ്ങളിൽ ചിലതിൽ കാര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എ.ഐ.എസ്.എഫ് ക്യാമ്പസുകളിൽ എസ്.എഫ്.ഐയുമായി ചേർന്ന് പ്രവർത്തിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ പലയിടത്തും എസ്.എഫ്.ഐക്കെതിരെ മത്സരിക്കുന്നു. ഇവരുമായി ധാരണയ്ക്ക് ശ്രമിച്ചാലും അവർ വഴങ്ങുന്നില്ല. ഇത് നല്ലതിനല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.