villege

വിതുര: വിതുര സ്മാർട്ട് വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറെ നിയമിക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. നിലവിലുണ്ടായിരുന്ന ഓഫീസർ പെൻഷനായി പോയിട്ട് രണ്ടരമാസമായിട്ടും പുതിയ ഓഫീസറെ നിയമിക്കുന്നില്ല. ഇപ്പോൾ പാലോട് വില്ലേജ് ഓഫീസർക്കാണ് വിതുര വില്ലേജ് ഓഫീസിന്റെയും ചുമലത. ആഴ്ചയിൽ രണ്ട് ദിവസം വില്ലേജ് ഓഫീസർ എത്തും. പക്ഷേ മറ്റ് ദിവസങ്ങളിലെത്തുന്നവർ വലയുകയാണ്.

ഇതുസംബന്ധിച്ച് റസിഡന്റ്സ് അസോസിയേഷനും, നാട്ടുകാരും അനവധി തവണ പരാതികൾ നൽകിയിരുന്നു. ഉടൻ നിയമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും യാഥാർത്ഥ്യമായില്ല.

സ്മാർട്ട് വില്ലേജ് ഓഫീസ്

മൂന്ന് വർഷം മുൻപാണ് വിതുരയെ സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തിയത്. വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം വിതുര പഞ്ചായത്ത് നൽകിയ സ്ഥലത്താണ് പുതിയ വില്ലേജ് ഓഫീസ് നിർമ്മിച്ചത്.

തേവിയോട് ജംഗ്ഷനിൽ നാട്ടുകാർ സ്ഥലം വാങ്ങി നൽകിയിടത്താണ് വിതുര വില്ലേജ് ഓഫീസ് വർഷങ്ങളായി പ്രവർത്തിച്ചിരുന്നത്. എന്നാൽ വർഷങ്ങൾ പിന്നിട്ടതോടെ കെട്ടിടം ശോച്യാവസ്ഥയിലായി.

വില്ലേജ് ഓഫീസിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ പ്രശ്നത്തിലിടപെട്ട് പുതിയ മന്ദിരത്തിനായി ഫണ്ട് അനുവദിക്കുകയായിരുന്നു.