hi

കിളിമാനൂർ: സംസ്ഥാന പാതകളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചിട്ടുള്ള ഓടകളിൽ മാലിന്യം നിറഞ്ഞതോടെ ഓടയിലൂടെ ഒഴുകേണ്ട മലിനജലം റോഡിലൂടെ ഒഴുകി റോഡുകൾ പലതും തകർന്നു. ഇതോടെ വാഹന യാത്രയും അപകടകരമായി. കോടികൾ മുടക്കി നിർമ്മിച്ച റോഡുകളിൽ അശാസ്ത്രീയമായ ഓടനിർമ്മാണം കാരണം പൊറുതിമുട്ടുന്നത് നാട്ടുകാരാണ്.

ദേശീയ പാതയെയും സംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കിളിമാനൂർ -ആലംകോട് റോഡിൽ പുതിയകാവ് മുതൽ കിളിമാനൂർ വരെ ഓടകൾ പൊട്ടിപ്പൊളിഞ്ഞിട്ട് കാലം ഏറെയായി. ഇതിൽ ചിലഭാഗങ്ങളിൽ മണ്ണും പാഴ്ച്ചെടികളും നിറഞ്ഞ് ഓടകൾ മൂടി.

 ഇരട്ടിപ്പണി

ജനങ്ങളുടെ പരാതിയെ തുടർന്ന് പി.ഡബ്ല്യു.ഡി.കരാറുകാരെ ഏല്പിച്ചു. ഇവർ സ്ലാബ് ഇളക്കി മണ്ണ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കിയിരുന്നു. എന്നാൽ ഈ മാലിന്യങ്ങൾ റോഡരികിൽ തന്നെ ഇട്ടതിനെ തുടർന്ന് അടുത്ത ദിവസങ്ങളിൽ മഴ പെയ്തതോടെ ഇവയൊക്കെ വീണ്ടും ഓടകളിൽ നിറഞ്ഞു. മഴ ശക്തമായതോടെ ഓടകളിൽ നിന്ന് കുത്തിയൊലിച്ച മാലിന്യങ്ങൾ കാരണം ഇവിടുള്ള വ്യാപാര സ്ഥാപനങ്ങൾക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതോടെ വ്യാപാരികൾ സ്വന്തം ചെലവിൽ ഓട വൃത്തിയാക്കേണ്ട അവസ്ഥയിലാണ്.

 വാഗ്ദാനം മാത്രം

കിളിമാനൂർ ടൗണിൽ ആലംകോട് റോഡിൽ ഇരുവശത്തും ഓടകൾ നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കൊച്ചുപാലം നിർമാണവുമായി ബന്ധപ്പെട്ട് പുതിയകാവ് മുതൽ കൊച്ചുപാലം വരെ ഒരു കിലോമീറ്റർ റോഡു നിർമ്മാണവും ഓട നിർമ്മാണവും വാഗ്ദാനങ്ങളിൽ ഒതുങ്ങി.

* ആവശ്യങ്ങൾ

* അശാസ്ത്രീയമായ ഓട നിർമ്മാണം ഒഴിവാക്കി ജലം ഒഴുക്ക് തടസപ്പെടാതെ ഓടകൾ നിർമ്മിക്കണം

* ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം

. *ഓടകളിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കണം.

*പ്രതികരണം പൊട്ടിപ്പൊളിഞ്ഞ ഓടകൾ അടിയന്തരമായി മാറ്റി പുതുക്കിപ്പണിയണം, സ്ലാബുകൾ സ്ഥാപിക്കണം.