വെമ്പായം: വെള്ളക്കെട്ടിലൂടെയും കുഴികളിലൂടെയും യാത്രചെയ്യാനാണ് ഈന്തിവിള- ചീരാണിക്കര നിവാസികളുടെയോഗം. വെമ്പായം - ചീരാണിക്കരവരെയുള്ള അഞ്ച് കിലോമീറ്റർ റോഡാണ് കാൽനടയാത്ര പോലും അസാദ്ധ്യമായി പൊട്ടി പൊളിഞ്ഞു കിടക്കുന്നത്. പി. ഡബ്ലൂ.ഡി ഉടമസ്ഥതയിലുള്ള റോഡിന് ആറ് മീറ്ററോളം വീതിയുണ്ടെങ്കിലും യഥാസമയം മെയിന്റനൻസ് ചെയ്യാത്തതും ക്രഷറിലേക്കുള്ള വലിയ വാഹനങ്ങൾ ഓടുന്നതുമാണ് റോഡ് തകരാൻ കാരണമെന്നാണ് ആരോപണം.
ജനങ്ങൾ ദുരിതത്തിൽ
റോഡ് തകർന്നതോടെ ആശുപതി കേസുകൾക്ക് ഉൾപ്പെടെ അത്യാവശ്യങ്ങൾക്ക് വാഹനങ്ങൾ വിളിച്ചാൽ പോലും വരാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂൾ ബസും എത്താറില്ല. ജനകീയ റോഡിനെ ക്രഷറുകാർ സ്വാകാര്യ റോഡാക്കി മാറ്റുകയാണന്നും ഈ റോഡിനെ ആശ്രയിച്ച് കഴിയുന്ന പാലമൂട്, ഈന്തിവിള, കറ്റ, ചിരാണിക്കര ഭാഗങ്ങളിലെ നൂറോളം കുടുംബങ്ങൾ ദുരിതത്തിലാണെന്നും നാട്ടുകാർ പറയുന്നു. മെയിന്റനൻസിനായി അഞ്ച് ദിവസം മുമ്പ് റോഡ് വീണ്ടും വെട്ടി പൊളിച്ചതോടെ നാട്ടുകാർ കൂടുതൽ ദുരിതത്തിലായി.