വെള്ളറട: ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയാകാതെ വെള്ളറട പഞ്ചായത്ത് സ്റ്റേഡിയം. വർഷങ്ങൾക്കു മുമ്പ് വെള്ളറടയിൽ ഉണ്ടായിരുന്ന കളിസ്ഥലം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് വിട്ടു നൽകിയതോടെ വെള്ളറടയിലെ കായിക പ്രേമികൾക്ക് കളിക്കാൻ സ്ഥലമില്ലാതെയായി.
തുടർന്ന് 15 വർഷം മുമ്പ് പന്നിമല വാർഡിൽ ആറാട്ടുകുഴിക്കു സമീപം ലക്ഷക്കണക്കിനു രൂപ ചെലവാക്കി സ്റ്റേഡിയത്തിന് വസ്തു വാങ്ങി സ്റ്റേഡിയത്തിന്റെ നിർമ്മാണവും തുടങ്ങി. ഇതിനിടയിൽ രണ്ടു തവണ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. എന്നാൽ ഇവിടെ യാതൊരുവിധ സംവിധാവനും ഏർപ്പെടുത്തിയിട്ടില്ല. പഞ്ചായത്ത് ഫണ്ട് കൊണ്ടുമാത്രം പണി പൂർത്തീകരിക്കാൻ കഴിയുകയുമില്ല.
ജോലികൾ നടക്കുന്നുണ്ട്
സ്റ്റേഡിയത്തിനായി വാങ്ങിയ സ്ഥലത്ത് മണ്ണിട്ട് മതിൽ കെട്ടി. ഇപ്പോൾ 25ലക്ഷം രൂപ ചെലവഴിച്ച് ഗ്രൗണ്ടിന്റെ നിർമ്മാണത്തിനായി മതിലിന്റെ പുറത്ത് നെറ്റ് സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്,
പരിസരം കാടുകയറി
മഴ തുടങ്ങിയതോടെ പരിസരം കാടുകയറി കിടക്കുകയാണ്. സമീപ പഞ്ചായത്തുകളിലെല്ലാം ആധുനിക രീതിയിലുള്ള സ്റ്റേഡിയങ്ങൾ പണികഴിപ്പിച്ചു കഴിഞ്ഞു. കേരള ഉത്സവത്തിന്റെ കായിക മത്സരങ്ങൾ നടത്താൻ ഗ്രാമപഞ്ചായത്ത് സ്കൂൾ ഗ്രൗണ്ടുകളെയോ കോളേജ് ഗ്രൗണ്ടുകളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ്. നിരവധി കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിയുമായിരുന്നിട്ടും ഭരണ കർത്താക്കൾ കായിക താരങ്ങൾക്ക് ആവശ്യമായ സൗകര്യമൊരുക്കാത്തതിലും പ്രതിഷേധമുണ്ട്.
പരിശീലനത്തിന് ഇടം നൽകണം
പഞ്ചായത്തു പ്രദേശത്തുതന്നെ നിരവധി കായിക ക്ളബുകളും ജില്ലവിട്ട് മത്സരത്തിനു പോകുന്ന ടീമുകളും ഉണ്ട്. ഇവർക്ക് അടിസ്ഥാന പരിശീലനത്തിന് കളിസ്ഥലവും സംവിധാനങ്ങളും നൽകിയാൽ ഇവർ പഞ്ചായത്തിനു മുതൽക്കൂട്ടാവും. അവധി ദിവസങ്ങളിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കാനും മറ്റും ഇവിടെ എത്തുന്നുണ്ടെങ്കിലും അടിയന്തരമായി സ്റ്റേഡിയം പൂർണമായും നിർമ്മിക്കാൻ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന് വിവിധ സാംസ്കാരിക സംഘടനകളുടെ ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്റ്റേഡിയത്തിലേക്കുള്ള റോഡ് നിർമ്മാണവും ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ചു