കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പി.ജി മെഡിക്കൽ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായി ഡോക്ടർ സമൂഹത്തിനിടയിൽ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും ഇടയാക്കുകയുണ്ടായി. ഈ സംഭവത്തെക്കാൾ ഞെട്ടിക്കുന്നതാണ് പൊലീസ് അന്വേഷണത്തിലെ വീഴ്‌ചകളും സർക്കാർ നടപടികളും. എന്തായാലും കോടതിയുടെ ഉത്തരവിനെത്തുടർന്ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാന സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്. ഈ സംഭവം വിവാദമായതിനു പിന്നാലെ ആശുപത്രിയുടെ പ്രിൻസിപ്പൽ രാജിക്കത്ത് നൽകിയെങ്കിലും അതു സ്വീകരിക്കാതെ അദ്ദേഹത്തെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി മാറ്റി നിയമിക്കുകയാണ് സർക്കാർ ചെയ്തത്. ഈ നടപടി പ്രിൻസിപ്പലിന് പുരസ്കാരം നൽകിയതിനു സമാനമാണെന്നാണ് കോടതി കുറ്റപ്പെടുത്തിയത്. തുടർന്ന്, ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ അവധിയിൽ പോകാൻ പ്രിൻസിപ്പലിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
പ്രത്യക്ഷത്തിൽത്തന്നെ ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്താനാവുന്നതാണ് ഈ വനിതാ ഡോക്ടറുടെ മരണം. എന്നാൽ പൊലീസ് അസ്വാഭാവിക മരണമായാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രിൻസിപ്പലാകട്ടെ പരാതി നൽകാൻ പോലും തയ്യാറായില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പൊലീസും ആശുപത്രി അധികൃതരും സർക്കാരും ഇരയ്ക്കും അവരുടെ മാതാപിതാക്കൾക്കും ഒപ്പമാണ് നിലകൊള്ളേണ്ടത്. എന്നാൽ ഇവിടെ ഇവരെല്ലാം മറുപക്ഷത്തിനു വേണ്ടി നിലകൊള്ളുകയാണോ എന്ന സംശയം ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായത്. മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കാനും പൊതുജനത്തിന് ആത്മവിശ്വാസം പകരാനുമാണ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഒരു സിവിക് വോളന്റിയറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ മാത്രമാണോ പ്രതിയെന്ന് വ്യക്തമല്ല. കൊൽക്കത്തയിലെ സർക്കാരും പൊലീസും ഒതുക്കാൻ ശ്രമിച്ചെങ്കിലും ഈ സംഭവം തുടർ ദിനങ്ങളിൽ രാജ്യം മുഴുവൻ ഏറ്റെടുക്കുന്നതാണ് കണ്ടത്.
ആശുപത്രികളിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുന്നത് നിരന്തരം ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നതാണ്. കേരളത്തിൽ കൊട്ടാരക്കരയിലെ സർക്കാർ ആശുപത്രിയിൽ വന്ദനദാസ് എന്ന വനിതാ ഡോക്ടറുടെ കൊലപാതകം നടന്നിട്ട് അധിക കാലമായിട്ടില്ല. സംസ്ഥാനത്ത് ഒരു വർഷം ആശുപത്രികളിൽ ശരാശരി 80 അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികളാണ് കേന്ദ്ര സർക്കാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മുൻകൈയെടുത്ത് നടപ്പാക്കേണ്ടത്. കൊൽക്കത്തയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ കോഡ് ഗ്രേ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.
കൊൽക്കത്തയിലെ സംഭവത്തെ തുടർന്ന്, ഇന്ത്യൻ മെഡിക്കൽ കമ്മിഷൻ രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്കു നേരെ അതിക്രമമുണ്ടായാൽ ബന്ധപ്പെട്ടവർ കൃത്യമായി അന്വേഷിക്കണം. പൊലീസിനെ അറിയിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കണം, നടപടികൾ വ്യക്തമാക്കി 48 മണിക്കൂറിനകം ദേശീയ മെഡിക്കൽ കമ്മിഷന് റിപ്പോർട്ട് കൈമാറണം, ആശുപത്രികളിലെ സുപ്രധാന മേഖലകളിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കമ്മിഷൻ നൽകിയിരിക്കുന്നത്. നിശ്ചിത കാലയളവുകളിൽ എല്ലാ പ്രധാന ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ് നടത്താനുള്ള നടപടികളും ഉണ്ടാകണം. പലപ്പോഴും ചെറിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് പരിഗണനകളുടെ പേരിൽ ഒതുക്കിത്തീർക്കുകയും കർശനമായ നടപടി എടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇത്തരം വലിയ സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് ആശുപത്രിയുടെ ഭരണം നിർവഹിക്കുന്നവരും ഓർക്കേണ്ടതാണ്.