a

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന അവലോകന യോഗത്തിൽ അവശ്യം സംബന്ധിക്കേണ്ടിയിരുന്ന നഗരസഭാ കൗൺസിലർമാർ പങ്കെടുക്കാതിരുന്നതിൽ തദ്ദേശവകുപ്പു മന്ത്രി എം.ബി. രാജേഷ് അതൃപ്തിയും രോഷവും പ്രകടിപ്പിച്ചതായി വാർത്ത വന്നിരുന്നു. ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന നഗരത്തിലെ ഏഴു വാർഡുകളെ പ്രതിനിധീകരിക്കുന്ന കൗൺസിലർമാരിൽ മൂന്നുപേർ മാത്രമാണ് യോഗത്തിനെത്തിയത്. മറ്റു നാലുപേരും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ മുങ്ങുകയായിരുന്നു. കൗൺസിലർമാരുടെ നിരുത്തരവാദപരമായ ഈ സമീപനത്തിനെതിരെ യോഗത്തിൽ വകുപ്പുമന്ത്രി മാത്രമല്ല, യോഗത്തിൽ സംബന്ധിച്ച മറ്റുള്ളവരും നിശിതമായി കുറ്റപ്പെടുത്തിയത്രെ. ആമയിഴഞ്ചാൻ അഴുക്കുചാൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലൂടെ കടക്കുന്ന ഭാഗത്തുള്ള പ്ളാസ്റ്റിക്ക് മാലിന്യക്കൂമ്പാരം നീക്കം ചെയ്യുന്ന ജോലിക്കിടയിൽ ഉണ്ടായ പെരുമഴയിൽ പാവപ്പെട്ട ഒരു തൊഴിലാളി ദാരുണമാം വിധം മരണപ്പെട്ട സംഭവം വലിയ വിവാദങ്ങൾക്കും സമൂഹ ചർച്ചകൾക്കും ഇടയാക്കിയിരുന്നു.

ജലപ്രവാഹത്തിൽ കാണാതായ തൊഴിലാളിക്കായി ദിവസങ്ങൾ നീണ്ട തെരച്ചിൽ നടക്കുമ്പോൾ നഗരസഭയിലെ കൗൺസിലർമാരിൽ പലരും അവിടെയുണ്ടായിരുന്നു. മേയറും മന്ത്രിമാരും ജന നേതാക്കളുമൊക്കെ ഒരുപാട് കണ്ണീർ വീഴ്‌ത്തുകയും ചെയ്തു. പിന്നീട് പെയ്ത മഴവെള്ളം ആമയിഴഞ്ചാൻ തോട്ടിലൂടെ ഒഴുകിപ്പോയതിനൊപ്പം ഈ കള്ളക്കണ്ണീരും ഒലിച്ചുപോവുകയായിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരത്തിലെ മാലിന്യഭീഷണി ഒഴിവാക്കാൻ വിശദമായ കർമ്മപദ്ധതിക്കു രൂപം നൽകിയിരുന്നു. തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ഉടനീളം ക്യാമറകൾ സ്ഥാപിച്ചത് ഇതിന്റെ ഭാഗമായാണ്. മാലിന്യഭീഷണി ഒട്ടൊക്കെ കുറയ്ക്കാൻ നഗരസഭയുടെ നടപടികൾ ഉപകരിച്ചിട്ടുണ്ടെങ്കിലും നഗരത്തിൽ പലേടത്തും ആളുകൾ ഇപ്പോഴും ഓടകളിലും ജലവാഹിനികളിലും മാലിന്യമടങ്ങിയ വലിയ സഞ്ചികൾ മാത്രമല്ല ചാക്കുകെട്ടുകളും നിക്ഷേപിക്കുന്നുണ്ട്. പൗരബോധവും സാമൂഹ്യബോധവും ഒട്ടുമില്ലാത്തവർ ചുറ്റിലും ധാരാളമുണ്ടെന്ന് അർത്ഥം.

അവലോകന യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ബാദ്ധ്യതപ്പെട്ട ജനപ്രതിനിധികൾ പോലും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുമ്പോൾ ജനങ്ങളുടെ കാര്യം പറയാനുണ്ടോ? ആമയിഴഞ്ചാനിലെ ദുർമരണം നടന്നതിനുശേഷം നഗരസഭ പ്ളാസ്റ്റിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മാലിന്യം പ്ളാസ്റ്റിക് കൂടുകളിലാക്കി കണ്ടിടത്തൊക്കെ നിക്ഷേപിക്കുകയാണ് പതിവ്. പ്ളാസ്റ്റിക് നിരോധിച്ചാൽ ഈ ഏർപ്പാടിന് കുറെയൊക്കെ ശമനമാകുമെന്ന ധാരണയിലാണ് പ്ളാസ്റ്റിക് നിരോധനം കടുപ്പിക്കുന്നത്. പൊതു ഇടങ്ങളിലും ജലവാഹിനികളിലും മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് നഗരസഭ ഇതിനകം 15 ലക്ഷം രൂപ പിഴയായി ഈടാക്കിയത്രെ. നഗരകേന്ദ്രങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളുടെ അളവു നോക്കിയാൽ തീരെ തുച്ഛമായ തുകയാണിത്. മാലിന്യ പാക്കറ്റുകൾ പതിവായി നിക്ഷേപിക്കുന്ന സ്ഥലങ്ങൾ ഇപ്പോഴും പഴയ പടി തന്നെയാണെന്ന് പരിശോധനയിൽ ബോദ്ധ്യമാകും.

നൂറുകണക്കിന് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയതുകൊണ്ടു മാത്രം നഗരം മാലിന്യമുക്തമാകാൻ പോകുന്നില്ല. മാലിന്യ സംഭരണത്തിനും സംസ്കരണത്തിനും കുറ്റമറ്റ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള മാർഗങ്ങളാണ് നോക്കേണ്ടത്. അതിന് ഇനിയും തുടക്കമായിട്ടില്ലെന്നതാണ് സത്യം. മാലിന്യത്തിൽ നിന്ന് ഇന്ധനവും കമ്പോസ്റ്റുമൊക്കെ ഉണ്ടാക്കുന്ന അനേകം നഗരങ്ങൾ ലോകത്തുണ്ട്. വികേന്ദ്രീകൃതമായി സംസ്കരണശാലകൾ സ്ഥാപിച്ചാൽ ഒരിടത്തും മാലിന്യമലകൾ സൃഷ്ടിക്കപ്പെടില്ല. ക്രമേണ ജനങ്ങൾക്കും അതു ശീലമാകും. തങ്ങളുടെ വാർഡുകൾ മാലിന്യമുക്തമെന്ന് ഉറപ്പാക്കുന്നതിൽ കൗൺസിലർമാർക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ആത്മാർത്ഥമായ താത്‌പര്യം കാണിച്ചാൽ നഗരത്തിലെ ഓരോ വാർഡും ശുദ്ധവും സുന്ദരവുമാക്കാനാകും. കൗൺസിലർമാർക്ക് അതിനു കഴിയുമോ എന്നതാണ് ചോദ്യം