g

തിരുവനന്തപുരം: തലസ്ഥാനജില്ലയിലെ പൊഴിയൂർ മുതൽ കാസർകോട് കു‌ഞ്ചത്തൂർ വരെ 623 കിലോമീറ്റർ തീരദേശ ഹൈവേ പദ്ധതിയുടെ നിർമ്മാണം ആരംഭിച്ച് അഞ്ചുവർഷം പിന്നിട്ടപ്പോൾ പൂർത്തിയായത് 10.10 കിലോമീറ്റർ റോഡും ഒരു കിലോമീറ്റർ പാലവും മാത്രം. എൽ.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ തീരദേശ ഹൈവേ 2019 മാർച്ചിലാണ് നിർമ്മാണം ആരംഭിച്ചത്.

മലപ്പുറം ജില്ലയിൽ രണ്ടു റീച്ചുകളിലായി പടിഞ്ഞാറെക്കര മുതൽ ഉണ്ണിയാൽ വരെയുള്ള 6.25 കിലോമീറ്ററും മുഹിയുദ്ദീൻ പള്ളി മുതൽ കെടുങ്ങൽ വരെയുള്ള 3.85 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ ഒരു കിലോമീറ്റർ വരുന്ന ഏലത്തൂർ കോരപ്പുഴ പാലത്തിന്റെ നിർമ്മാണവുമാണ് നിലവിൽ പൂർത്തിയായത്. മലബാർ മേഖലയിലെയും ഏറണാകുളം ജില്ലയിലെയും ചില റീച്ചുകളിൽ മാത്രമാണ് ഇപ്പോൾ നിർമ്മാണം നാമമാത്രമായെങ്കിലും നടക്കുന്നത്. മറ്റിടങ്ങളിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ.

കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോ‌ഡ് നിർമ്മാണം. തീരദേശത്തെ അനധികൃത കൈയേറ്റവും സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുന്നതാണ് നിർമ്മാണം വൈകാനുള്ള പ്രധാന കാരണം. എം.എൽ.എമാരെ ഉൾപ്പെടുത്തി സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ ചില പ്രദേശങ്ങളിൽ മാത്രമാണ് വിജയിച്ചത്. കോൺഗ്രസ് നേതൃത്വം പദ്ധതിയെ എതിർക്കുന്നതും പ്രദേശികമായ എതിർപ്പിന് ശക്തി കൂട്ടിയിട്ടുണ്ട്.

2022ൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സർക്കാരും കിഫ്ബിയും പ്രഖ്യാപിച്ചിരുന്നത്. പുതിയ ലക്ഷ്യം 2026 ആണ്. കേരള റോ‌ഡ് ഫണ്ട് ബോർഡിനും റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനുമാണ് നിർവഹണ ചുമതല.

 സ്ഥലമേറ്റെടുക്കൽ പാക്കേജ്

സ്ഥലം ഏറ്റെടുക്കലിനു വേഗം പകരുന്നതിനായി രണ്ടു പാക്കേജുകളാണ് രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ചിച്ചത്. ഉടമസ്ഥാവകാശ രേഖകൾ ഉള്ളവർ കാറ്റഗറി ഒന്നിലും അല്ലാത്തവരെ കാറ്റഗറി രണ്ടിലും ഉൾപ്പെടുത്തി.

കാറ്റഗറി ഒന്നിലുള്ളവർ സ്ഥലം വിട്ടുനൽകുമ്പോൾ 2013 ലെ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥലവില നൽകും. കാറ്റഗറി രണ്ടിലുള്ളവർക്ക് അത്രത്തോളം വില കിട്ടില്ല. രണ്ടു കാറ്റഗറിയിലും പെട്ട പുനരധിവസിപ്പിക്കപ്പെടേണ്ട കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ളാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം നൽകും.

പദ്ധതി നടപ്പിലായാൽ

1.തീരമേഖലയുടെ തൊഴിലും ജീവിത നിലവാരവും ഉയരും.

2. മത്സ്യബന്ധന വിപണനം ശക്തമാകും.

3. ഉപഭോക്താക്കൾക്ക് സുഗമമായി ഹാർബറുകളിലേക്ക് എത്താൻ കഴിയും

4. ബീച്ച് ടൂറിസ്റ്ര് കേന്ദ്രങ്ങൾ വികസിക്കും.

നിർമ്മാണ ചെലവ് ₹ 6,500 കോടി

14 മീറ്ററർ വീതിയിൽ നിർമ്മിക്കുന്ന റോഡിൽ സൈക്കിൾ ട്രാക്കുകളും ഉണ്ടാകും

നിശ്ചിത ദൂരത്തിൽ പാ‌ർക്കിംഗ് ബേ, ബസ് ബേ, ട്രക്ക് ബേകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവ

ഒരോ 12 കിലോമീറ്റർ പിന്നിടുമ്പോൾ ഇ- ചാർജ്ജിംഗ് സ്റ്റേഷനുകൾ