വക്കം: അമിത വാടകയും ജലത്തിന്റെ ദൗർലഭ്യവും കാരണം കരാറെടുത്ത് നടത്താൻ ആളില്ലാതെ വന്നതോടെ വക്കം നിലയ്ക്കാമുക്കിലെ വിശ്രമകേന്ദ്രം പെരുവഴിയിൽ. ഉന്നത നിലവാരത്തിൽ പൊതുടോയ്‌ലെറ്റ് ഒരുക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ ശുചിത്വ മിഷൻ നടപ്പാക്കുന്ന പദ്ധതിയാണ് വഴിയിടം വിശ്രമകേന്ദ്രം. വക്കം പഞ്ചായത്തിൽ നിലയ്ക്കാമുക്ക് ചന്തയോടു ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. ടോയ്‌ലെറ്റും ലഘുഭക്ഷണശാലയും പ്രവർത്തിക്കുന്നതിനായി രണ്ട് മുറികളുള്ള വിശ്രമകേന്ദ്രമാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രവർത്തനം അവതാളത്തിൽ
മികച്ച സൗകര്യങ്ങളോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിലെ കാലതാമസം തുടക്കത്തിലേ കെട്ടിടത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കി. ഉദ്ഘാടനം കഴിഞ്ഞ് കരാർ എടുക്കാൻ ആളില്ലാതെവരികയും ഒടുവിൽ ഹരിതകർമ്മ സേനയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഭക്ഷണം വീടുകളിൽ പാകം ചെയ്ത് വിശ്രമ കേന്ദ്രത്തിൽ കച്ചവടം നടത്തുകയാണ് ചെയ്തിരുന്നത്.
ഏറെ ഉപകാരം
ഇരുന്നു കഴിക്കുവാനുള്ള സൗകര്യമില്ലാത്തതും ജല അതോറിട്ടിയുടെ വെള്ളത്തിന്റെ ലഭ്യതക്കുറവും വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. തുടർന്ന് അടച്ചുപൂട്ടുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത നിലയ്ക്കാമുക്ക് ചന്തയിലെ കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്നു വഴിയിടം.
നടപടിയില്ല...
എല്ലാ സൗകര്യങ്ങളോടും കൂടി വിശ്രമകേന്ദ്രം വീണ്ടും തുറന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇലക്ഷൻ പെരുമാറ്റച്ചട്ടം മാറുന്നതോടെ പുതിയ കരാർ വിളിച്ച് വഴിയിടം വിശ്രമകേന്ദ്രം തുറന്നു പ്രവർത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും നടപടിയായില്ല.
പ്രതികരണം: വാടകതുക കുറച്ചുനൽകിയാൽ നഷ്ടം കൂടാതെ ഏറ്റെടുത്തു നടത്താൻ ആളുകൾ മുന്നോട്ടുവരും
യു. പ്രകാശ് ഐ.എൻ.ടി.യു.സി, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്.