vnd

നെടുമങ്ങാട്: കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും പുതിയ കണക്ഷൻ നൽകുന്നതിലെ അപാകതകൾ തീർക്കണമെന്നുമാവശ്യപ്പെട്ട് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്‌മിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ജല അതോറിട്ടി എക്‌‌സിക്യുട്ടിവ് എൻജിനിയർ എൻ.വി.അജേഷിനെ ഉപരോധിച്ചു. ച‌ർച്ചയ്‌ക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ തറയിൽ പായ വിരിച്ചുകിടന്ന് പ്രതിഷേധിച്ചു.

കുടിവെള്ള ചാർജിൽ മൂന്നുകോടി രൂപ കുടിശിക വരുത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് ജല അതോറിട്ടി നേരത്തെ നോട്ടീസ് നൽകിയിരുന്നു. മുൻ ഭരണസമിതി ബില്ലുകൾ അടയ്ക്കാതിരുന്നതാണ് വൻതുക കുടിശികയാകാൻ കാരണമെന്ന് ഭരണസമിതി വ്യക്തമാക്കി. തുടർന്ന് തവണകളായി കുടിശിക അടയ്ക്കാൻ ധാരണയായി. എന്നാൽ വെള്ളനാട് മാർക്കറ്റിൽ 2009 മുതലുള്ള കുടിശികയായ 15 ലക്ഷം രൂപ ഒരുമിച്ച് അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ആറുമാസം മുമ്പ് മാർക്കറ്റിലെ കണക്ഷൻ കട്ട് ചെയ്തു. തുക ഗഡുക്കളായി അടയ്‌ക്കാമെന്ന വ്യവസ്ഥയിൽ കണക്ഷൻ പുനഃസ്ഥാപിച്ചെങ്കിലും കഴിഞ്ഞ മാസം വീണ്ടും കട്ട് ചെയ്തു. ഇതോടെ മാർക്കറ്റിലെ മാവേലി സ്റ്റോർ,കാർഷിക വിപണി,കൃഷിഭവൻ, ഹരിത കർമ്മസേന ഓഫീസ് എന്നിവിടങ്ങളിൽ വെള്ളമില്ലാതായി. ഇന്നലെ എൻജിനിയറുമായി നടന്ന ചർച്ചയിൽ ഗഡുക്കളായി കുടിശിക അടയ്‌ക്കാമെന്ന് പഞ്ചായത്ത് അറിയിച്ചു. മാർക്കറ്റിലെ സ്ഥാപനങ്ങൾക്ക് പ്രത്യേകം കുടിവെള്ള കണക്ഷൻ നൽകാനും തീരുമാനമായി. നിലവിൽ കുടിശികയുള്ള എല്ലാ കണക്ഷനുകൾക്കും ഒറ്റത്തവണ തീർപ്പാക്കൽ നൽകാമെന്നും എൻജിനിയർ രേഖാമൂലം ഉറപ്പുനൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ ബിന്ദു, കടുവാക്കുഴി ബിജു, വാർഡ് മെമ്പർ സന്തോഷ് കുമാർ,കോൺഗ്രസ് വെള്ളനാട് മണ്ഡലം പ്രസിഡന്റ് വിമൽകുമാർ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.