ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രീകരിച്ചുള്ള മുക്കുപണ്ടത്തട്ടിപ്പിൽ നാലുപേർ പിടിയിലായി. മണമ്പൂർ തൊട്ടിക്കല്ല് സ്വദേശി റസീനാ ബീവി,അഴൂർ ശാസ്തവട്ടം തുന്നരികത്ത് വീട്ടിൽ സിദ്ധിഖ്,​കൊല്ലം പരവൂർ പുത്തൻകുളം തൊടിയിൽ വീട്ടിൽ വിജി, ആറ്റിങ്ങൽ മങ്കാട്ടുമൂല കോളനി ആതിര ഭവനിൽ അജിത് (29) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് കേസുകളിലായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിട്ടുണ്ട്. ഇനിയും പരാതികൾ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളെ മുൻ നിറുത്തിയാണ് മുക്കുപണ്ടത്തട്ടിപ്പുകൾക്ക് സംഘം നേതൃത്വം നൽകുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ വലിപ്പവും സ്ത്രീ ജീവനക്കാരുടെ എണ്ണവും നോക്കിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്.
ബാംഗ്ലൂർ,തമിഴ്നാട് എന്നിവിടങ്ങളാണ് തട്ടിപ്പിന്റെ കേന്ദ്രങ്ങൾ.ഇവിടെ നിർമ്മിക്കുന്ന ചെമ്പ്,വെള്ളി ആഭരണങ്ങളിൽ കട്ടിക്ക് സ്വർണം പൂശി 916 ഹാൾമാർക്ക് മുദ്ര പതിക്കും.വിദഗ്ദ്ധർക്കു പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് നിർമ്മാണം. പവന് രണ്ടായിരം രൂപ നിരക്കിൽ പത്ത് പവൻ ഒരുമിച്ചാണ് വാങ്ങുന്നത്. കേരളത്തിലെത്തി വിവിധ ധനകാര്യ സ്ഥാപനങ്ങൾ ഇത് വൻ തുകയ്ക്ക് പണയം വയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. പണയം വയ്ക്കുമ്പോൾ നൽകുന്ന തിരിച്ചറിയൽ രേഖയിലെ അഡ്രസ് വ്യാജമായതിനാൽ സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയുന്നതെന്നും പൊലീസ് പറഞ്ഞു.റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മുക്കുപണ്ട തട്ടിപ്പിന്റെ ചുരുൾ അഴിയുമെന്ന നിഗമനത്തിലാണ് പൊലീസ്.