ശിവഗിരി :ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ വച്ച് നടത്താനുദ്ദേശിക്കുന്ന സർവ്വമത സമ്മേളനത്തിലേക്ക് മാർപാപ്പയെ ക്ഷണിച്ചു. മാർപാപ്പയുടെ ഒഴിവനുസരിച്ച് നവംബർ മാസം സമ്മേളനം നടക്കും.
ശിവഗിരി മഠം പ്രതിനിധി സ്വാമി വീരേശ്വരാനന്ദ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും എം.എൽ.എ യുമായ ചാണ്ടിഉമ്മൻ, ശിവഗിരി ഉപദേശക സമിതിയംഗവും ബഹറിൻ ശ്രീനാരായണ സൊസൈറ്റി രക്ഷാധികാരിയുമായ കെ.ജി. ബാബുരാജൻ എന്നിവരാണ് വത്തിക്കാനിലെത്തി പോപ്പിനെ ക്ഷണിച്ചത്. പോപ്പിന് ഗുരുദേവ കൃതികളും ഗുരുവിന്റെ ജീവചരിത്ര ഗ്രന്ഥവും സമർപ്പിച്ചു. ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശം ഉൾക്കൊള്ളുന്ന ദർശനത്തെക്കുറിച്ചും ലോകചരിത്രത്തിൽ തന്നെ പ്രസിദ്ധമായ ആലുവാ സർവ്വമത സമ്മേളനത്തെക്കുറിച്ചും
പോപ്പിനെ ധരിപ്പിച്ചു. പോപ്പിന്റെ പ്രതിനിധികളായ ജോർജ് കൂവക്കാട്, ഇന്റുനിൽ കൊടിതൂവാക്കു എന്നിവർ സംഘത്തെ പോപ്പിന് പരിചയപ്പെടുത്തി. നാനാജാതി മതസ്ഥരായ ജനസമൂഹത്തെ സർവ്വമത സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ശിവഗിരി മഠത്തിലെ സന്യാസിമാരും ശ്രീനാരായണ ഭക്തരും പങ്കെടുക്കും.
ഫോട്ടോ: ശിവഗിരി മഠം വത്തിക്കാനിൽ നടത്തുന്ന സർവ്വമത സമ്മേളനത്തിലേക്ക് മാർപാപ്പയെ ക്ഷണിക്കാനെത്തിയ ശിവഗിരി മഠം പ്രതിനിധി സ്വാമി വീരേശ്വരാനന്ദ, ഗുരുദേവ കൃതികൾ പോപ്പിന് സമർപ്പിച്ചപ്പോൾ കെ.ജി. ബാബുരാജൻ, ചാണ്ടിഉമ്മൻ എം.എൽ.എ. എന്നിവർ സമീപം.