ബാലരാമപുരം: അതിയന്നൂർ പഞ്ചായത്തിലെ രാമപുരം-അരങ്കമുകൾ-ഊരൂട്ടുകാല റോഡ് പുനരുദ്ധാരണം വൈകുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പഞ്ചായത്തിലെ രാമപുരം, അതിയന്നൂർ, അരങ്കമുകൾ, ഊരൂട്ടുകാല വാർഡുകളുടെ അതിർത്തി പ്രദേശം ഉൾപ്പെടുന്ന രണ്ടരകിലോമീറ്ററോളം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
നെയ്യാറ്റിൻകര താലൂക്കിലെ സ്കൂൾ വാഹനങ്ങളും നിത്യേന ഇതുവഴിയാണ് കടന്നുപോകുന്നത്. വർഷങ്ങൾക്ക് മുമ്പ് റോഡിനായി 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും കരാർ തുക കുറവായതുകാരണം ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാതെ കരാർ റദ്ദ് ചെയ്യുകയായിരുന്നു. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡിന്റെ പുനരുദ്ധാരണം സാദ്ധ്യമല്ലെന്ന് വാർഡിലെ ജനപ്രതിനിധികളും പറയുന്നു.
ഓടനിർമ്മിക്കണം
റോഡ് നവീകരിച്ചാലും റോഡിനിരുവശവും ഓടയില്ലാത്തതിനാൽ ചുരുങ്ങിയ കാലയളവിൽ റോഡ് പൊട്ടിപ്പൊളിയും. മിക്ക ഗ്രാമീണ ബൈറോഡുകളും ഓട നവീകരണമില്ലാത്തതിനാൽ തകർച്ചയുടെ വക്കിലാണ്.
ബസ് സർവീസുകൾ നിറുത്തലാക്കി
രാമപുരം-അരങ്കമുകൾ വഴിയുള്ള ബസ് സർവീസുകൾ നിറുത്തലാക്കിയതും നാട്ടുകാരെ വലച്ചിരിക്കുകയാണ്. കൊവിഡ് മഹാമാരിക്കു ശേഷം അരങ്കമുകൾ വഴിയുള്ള മിക്ക സർവീസുകളും കളക്ഷൻ കുറവായതിനാൽ ഡിപ്പോ അധികൃതർ ക്യാൻസലാക്കിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാസൗജന്യപാസുകളും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പൂവ്വാർ ഡിപ്പോയിൽ നിന്നുള്ള അരങ്കമുകൾ -മെഡിക്കൽ കോളേജ്, നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള ഓലത്താന്നി, അരങ്കമുകൾ, ചപ്പാത്ത് സർവീസുകളും നിറുത്തലാക്കി. പാപ്പനംകോട് ഡിപ്പോയിൽ നിന്നുള്ള അരങ്കമുകൾ അരങ്ങിൽ ക്ഷേത്രം വഴിയുള്ള ഏക സർവീസാണ് ഇപ്പോൾ നിലവിലുള്ളത്.
ആവശ്യം ശക്തം
പഞ്ചായത്ത് ഫണ്ടിനോടൊപ്പം ബ്ലോക്ക് -ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ ഇടപെട്ട് പുതിയ പ്രോജക്ടിൽ ഉൾപ്പെടുത്തി റോഡിന്റെ പുനരുദ്ധാരണം എത്രയും വേഗത്തിൽ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാമപുരം –അരങ്കമുകൾ - ഊരൂട്ടുകാല റോഡിലെ കുഴികൾ അടിയന്തരമായി നികത്താൻ പ്രാഥമിക ഫണ്ട് അനുവദിക്കണം. റോഡ് നവീകരണത്തോടൊപ്പം ഓടയും നവീകരിച്ച് നാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണണം.
അരങ്കമുകൾ സുധാകരൻ, അയ്യനവർ പ്രാദേശിക സംഘം പ്രസിഡന്റ്.