തിരുവനന്തപുരം: കാടും പടർപ്പും നിറഞ്ഞ ഹോസ്റ്റൽ പരിസരവും ക്വാർട്ടേഴ്സിലേക്കുള്ള വഴികളും രാത്രിയായാൽ ഇരുട്ട് നിറയും. ഇതിനിടയിൽ ആരെങ്കിലും പതിയിരുന്നാലും അറിയില്ല. മറ്റു സംസ്ഥാനങ്ങളിലെ അതിക്രമങ്ങളെ കുറിച്ചു കേൾക്കുമ്പോൾ തലസ്ഥാനത്തെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളും ഡോക്ടർമാരുൾപ്പെടെയുള്ള വനിതാ ജീവനക്കാരും ഭയപ്പാടിലാണ്. എട്ടുമാസം മുമ്പ് മെഡി.കോളേജിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോയ വനിതാ ഡോക്ടർക്കു നേരെ ആക്രമണമുണ്ടായി. ഇതുപോലെയുള്ള ആക്രമണങ്ങൾ ഇനിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.
പിടിച്ചുപറിക്കാരുടെയും മോഷ്ടാക്കളുടെയും ആക്രമണം വേറെ. ഇതിനുപുറമേ സാമൂഹ്യവിരുദ്ധർക്ക് സംഘം ചേരാനും പതിയിരിക്കാനും കഴിയുന്ന വിധത്തിലാണ് പ്രദേശത്ത് കാടുംപടർപ്പും വളർന്നിരിക്കുന്നത്. തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും കാടുമൂടിയതിനാൽ കാര്യമായ ഗുണമില്ല. ഇതോടെ എസ്.എ.ടി ആശുപത്രിയുടെ സമീപത്തുള്ള പുതിയ ഹോസ്റ്റൽ, വനിതാ ഹോസ്റ്റൽ,ക്വാർട്ടേഴ്സ്, പാർക്കിംഗ് ഏരിയ,മെഡിക്കൽ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ രാത്രിയിൽ അപകടകരമായ സാഹചര്യമാണെന്ന് വിദ്യാർത്ഥികളും ജീവനക്കാരും പറയുന്നു.ഇതിനുപുറമേയാണ് ഇഴജന്തുക്കളുടെ ശല്യവും. നൂറുകണക്കിന് വിദ്യാർത്ഥികളുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്ത് നിറഞ്ഞ പുല്ലുകൾ യഥാസമയം വെട്ടിത്തെളിക്കാറില്ല. മെഡിക്കൽ കോളേജ്, എസ്.എ.ടി. ശ്രീചിത്ര,ആർ.സി.സി എന്നിവിടങ്ങളിലായി ദിവസേന ആയിരക്കണത്തിന് ആളുകളാണ് എത്തുന്നത്.
എലി മുതൽ മൂർഖൻ വരെ
മൂർഖൻ, അണലി, കീരി,എലി,പെരുച്ചാഴി എന്നിവ പ്രദേശത്ത് ധാരാളമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. രാത്രിയായാൽ വഴികൾ ഇവയുടെ വിഹാരകേന്ദ്രമാണ്. മഴ പെയ്താൽ പാർക്കിംഗ് ഏരിയകൾ ചെളിക്കളമാകും.
മാലിന്യം വലിച്ചെറിയും
മെഡിക്കൽ കോളേജ് പരിസരത്തെ പല ഭാഗങ്ങളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടില്ല. പലരും ഉപയോഗിച്ച മാസ്‌ക് , ഭക്ഷണപ്പൊതികൾ, പേപ്പറുകൾ,പ്ളാസ്റ്റിക് കവറുകൾ,കുപ്പികൾ എന്നിവ ഉപയോഗിച്ച ശേഷം വഴിയോരങ്ങളിൽ വലിച്ചെറിയുന്നത് പതിവാണ്. ഇത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു.