തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങൾക്ക് മുമ്പ് ആഭ്യന്തര വിവാദങ്ങളിൽ രണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിച്ച് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്. കോട്ടയത്തെ മുതിർന്ന നേതാവ് ഉൾപ്പെട്ട ഒളി ക്യാമറ വിവാദവും പത്തനംതിട്ടയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗത്തിനെതിരായ അഴിമതി ആരോപണവുമാണ് അന്വേഷിക്കുന്നത്.
15 ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പാർട്ടി സമ്മേളനങ്ങൾക്കായുള്ള അജൻഡ തീരുമാനിക്കാൻ ദേശീയ കൗൺസിൽ ഈ മാസം അവസാനം ചേരാനിരിക്കുകയാണ്.. കോട്ടയത്തെ കാനം പക്ഷത്തുള്ള നേതാവിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കെ.പി രാജേന്ദ്രൻ, കമല സദാനന്ദൻ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ജില്ലാ സമമ്മളനം മുതൽ ശക്തമായ ഉൾപ്പോര് നിലനിൽക്കുന്ന കോട്ടയത്ത് സംഘടനാ സദാചാരത്തിന് വിരുദ്ധമായി നേതാവ് പ്രവർത്തിച്ചെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സഹിതമുള്ള പരാതിയാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നത്. പാർട്ടി ഓഫീസിൽ വച്ച് മറ്റൊരാൾ ചിത്രീകരിച്ച ദൃശ്യങ്ങൾ അടങ്ങുന്ന പരാതിയിൽ നടപടി വൈകിയതോടെ ദൃശ്യങ്ങൾ പുറത്താകുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത് .
ക്വാറി മാഫിയയിൽ നിന്നും സി.പി.ഐ ഭരിക്കുന്ന വകുപ്പുകളിൽ സ്ഥലം മാറ്റത്തിനായും പത്തനംതിട്ടയിൽ നിന്നുള്ള സംസ്ഥാന കൗൺസിലംഗം കോഴ കൈപ്പറ്റിയെന്ന ലോക്കൽ സെക്രട്ടറിയുടെ പരാതിയിലാണ് കെ. ആർ ചന്ദ്രമോഹനെ കമ്മീഷനായി നിയമിച്ചത്. വിഭാഗീയത രൂക്ഷമായ പത്തനംതിട്ട, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലെ സംഘടനാ പ്രശ്നങ്ങളിൽ കൂടുതൽ ചർച്ചകൾ നടന്നില്ല.
സമാന്തര സി.പി.ഐ ഫോറം: പിന്തുണച്ച് കെ.ഇ.ഇസ്മായിൽ
പാലക്കാട് ജില്ലയിൽ പാർട്ടിയിലെവിഭാഗീയത സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് പരിഹരിക്കാനാവാത്ത വിധം സങ്കീർണ്ണമായി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിമതരെ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ പിന്തുണച്ചതോടെ പ്രതിസന്ധി രൂക്ഷമായി.
കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെയാണ് വിഭാഗീയത കടുത്തത്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പാർട്ടി കമ്മിഷൻ കണ്ടെത്തിയവരെ പുറത്താക്കി. പുറത്താക്കൽ ഏകപക്ഷീയമെന്നാരോപിച്ച് നടപടി നേരിട്ടവരുടെ നേതൃത്വത്തിൽ ജില്ലാ കൗൺസിലിന് ബദലായി 20 അംഗ സേവ് സി.പി.ഐ ഫോറം രൂപീകരിച്ചു. ഇതിനെശരി വയ്ക്കുന്ന തരത്തിലാണ് കെ.ഇ ഇസ്മായിലിന്റെ പ്രതികരണം. 'ആളുകളെ പുറത്താക്കുകയല്ല, പരമാവധി ആളുകളെ ചേർത്തു പിടിച്ച് പാർട്ടി ശക്തിപ്പെടുത്തുകയാണ് കമ്മ്യൂണിസ്റ്റ് നിലപാട്. താൻ അറിയുന്ന നേതാക്കൾ ഇരുപക്ഷത്തുമുണ്ട്.'- നിലവിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ- ഇസ്മായിൽ പറഞ്ഞു. ഇസ്മായിലിന്റെ പ്രതികരണത്തിൽ മറുപടി പറയാനില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു വിമതരുടെ ആദ്യ യോഗം. എ.ഐ.വൈ.എഫിലെ വലിയൊരു വിഭാഗത്തെ അണിനിരത്തി ഇന്ന് സേവ് യുവജന ഫെഡറേഷനും രൂപവത്കരിക്കും. യോഗം പാലക്കാട് തൃപ്തി ഹാളിൽ, പുറത്താക്കപ്പെട്ട സി.പി.ഐ മുൻ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിൽ ഈ വിഭാഗീയത സംസ്ഥാന നേതൃത്വത്തിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ജില്ലാ കൗൺസിൽ അംഗമായിരുന്ന ജോർച്ച് തച്ചമ്പാറ രാജി വെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. മൂന്ന് വർഷത്തിലേറെയായി നില നിന്ന തർക്കവും ആരോപണ പ്രത്യാരോപണങ്ങളുമാണ് സേവ് സി.പി.ഐ ഫോറത്തിന്റെ പിറവിക്ക് പിന്നിൽ.
'സേവ് സി.പി.ഐ ഫോറത്തിന്റെ പേരിൽ പുറത്തു വന്നത് നേതൃത്വത്തോടുള്ള അഭിപ്രായങ്ങൾ മാത്രമാണ്. അതിനെ വിമത പ്രവർത്തനമായി കാണാനാകില്ല. പാർട്ടിയെക്കൊണ്ട് ഉപജീവനം നടത്താൻ ശ്രമിക്കുന്ന ചില വ്യക്തികൾ കയറിക്കൂടിയതാണ് അപചയത്തിന് കാരണം".
-കെ.ഇ. ഇസ്മായിൽ