36

ഉദിയൻകുളങ്ങര: പെയ്‌തൊഴിഞ്ഞ വാഗ്ദാനപ്പെരുമഴയ്‌ക്കു ശേഷവും സംരക്ഷണമില്ലാതെ ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച മാരായമുട്ടം സ്വദേശി ജോയിയുടെ വൃദ്ധമാതാവ് മേരി (75) ചോർന്നൊലിക്കുന്ന കൂരയിൽ ഉറങ്ങാതിരിക്കുകയാണ്. ജലരേഖയായി തുടരുന്ന വാഗ്ദാനങ്ങളിൽ അവർക്ക് ഇപ്പോഴും നേരിയ പ്രതീക്ഷയുണ്ട്. ജോയി മരിച്ചിട്ട് ഒരുമാസം പിന്നിടുമ്പോഴും സർക്കാരും നഗരസഭയും നൽകിയ വീടെന്ന വാഗ്ദാനം ഇതുവരെ നിറവേറിയിട്ടില്ല. ആകെ ലഭിച്ചത് സർക്കാർ നൽകിയ അടിയന്തര സഹായമായ 10 ലക്ഷം രൂപ മാത്രം. ജോയിയുടെ പിതാവ് നേശമണി 10 വർഷം മുമ്പ് മരിച്ചു. അവിവാഹിതനായ ജോയിയുടെ വരുമാനമായിരുന്നു മേരിയുടെ ആശ്രയം. സ്വന്തമായി വീടില്ലാത്ത ജോയിയും മാതാവും സഹോദരിയുടെ വീട്ടിലാണ് താമസിച്ചുവന്നത്.

സ്വന്തമായി സ്ഥലമില്ലാത്ത മേരിക്ക് സ്ഥലം വാങ്ങി വീട് വച്ചു നൽകുമെന്നായിരുന്നു നഗരസഭയും ജില്ലാപഞ്ചായത്തും പ്രഖ്യാപിച്ചത്. എന്നാൽ,​ സർക്കാരിൽ നിന്ന് അനുമതി കിട്ടാത്തതാണ് തടസമെന്നാണ് അറിയുന്നത്. അതെങ്ങനെ പരിഹരിക്കുമെന്നതിൽ ഈ വൃദ്ധ മാതാവിന് യാതൊരു അറിവുമില്ല. ജോയിയുടെ സഹോദരങ്ങൾക്ക് റെയിൽവേയിലോ കോർപ്പറേഷനിലോ ജോലി നൽകുമെന്നതും പ്രഖ്യാപനം മാത്രമായി.

സർക്കാർ അനുമതി വൈകുന്നു
മേരിക്ക് വീട് നിർമ്മിച്ചു നൽകാൻ ഇതുസംബന്ധിച്ച് നഗരസഭ സ്‌പെഷ്യൽ കൗൺസിൽ യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. തുടർന്ന് സർക്കാരിന്റെ അനുമതി തേടി. നഗരസഭാ പരിധിക്ക് പുറത്ത് വീട് നൽകുന്നതിനാലാണ് അനുമതി അനിവാര്യമായത്. വീടിനായി എത്ര തുകയാണ് അനുവദിക്കേണ്ടതെന്നതും സർക്കാരാണ് ഉത്തരവിൽ വ്യക്തമാക്കേണ്ടത്. വീട് വയ്ക്കാൻ ജില്ലാപഞ്ചായത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ട്. അനുമതിക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ അപേക്ഷയും സർക്കാരിന്റെ പരിഗണനയിലാണ്. സർക്കാർ അനുമതി ലഭിച്ചാൽ തുടർന്ന് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാവും. അതിനുശേഷം നഗരസഭയുടെ നേതൃത്വത്തിൽ വീട് നിർമ്മിക്കാനാണ് പദ്ധതി. അധികമായി വേണ്ടിവരുന്ന തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തും.