തിരുവനന്തപുരം: ആദ്യഘട്ട ടാറിംഗ് പൂർത്തിയായ സ്മാർട്ട് റോഡുകൾ കുടിവെള്ള പൈപ്പിടാൻ വീണ്ടും വെട്ടിപ്പൊളിക്കുന്നതിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ, ചീഫ് എൻജിനിയർ, ബന്ധപ്പെട്ട മറ്റ് എൻജിനിയർമാർ എന്നിവരടങ്ങിയ സ്പെഷ്യൽ ടീമിന് ജലവിഭവ വകുപ്പ് സെക്രട്ടറി രൂപം നൽകി സമയബന്ധിതമായി റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പൈപ്പ് സ്ഥാപിച്ചശേഷം വീണ്ടും കുത്തിപ്പൊളിക്കുന്നത് അടിയന്തരമായി പരിശോധിക്കണം. ഇത്തരം ഇരട്ടപ്പണി ഒഴിവാക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരുമായി ജലവിഭവ വകുപ്പ് സെക്രട്ടറി കൂടിയാലോചിക്കണം. ജലവിഭവ വകുപ്പു സെക്രട്ടറി ആവശ്യമായ കൂടിയാലോചനകൾക്കു ശേഷം രണ്ടാമതും കുഴിച്ച സ്മാർട്ട് റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ ആവശ്യമായ സമയവും സ്വീകരിച്ച നടപടികളും അറിയിക്കണം. അറ്റകുറ്റപണികളെക്കുറിച്ച് ജല അതോറിറ്റി എം.ഡി സിറ്റി പൊലീസ് കമ്മിഷണറെ അറിയിക്കണം. കമ്മിഷണർ ഇക്കാര്യം ട്രാഫിക് പൊലീസിനെ അറിയിച്ച ശേഷം പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കണം.നടപടികൾ കമ്മിഷണർ മനുഷ്യാവകാശ കമ്മിഷനെ അറിയിക്കണം. ഒരു മാസത്തിനകം റിപ്പോർട്ടുകൾ സമർപ്പിക്കണം.