#അച്ചുതമേനോൻ അവാർഡ് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്
തിരുവനന്തപുരം: കാർഷിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്ഥാപനത്തിനുള്ള കൃഷി വകുപ്പിന്റെ സി. അച്ചുതമേനോൻ സ്മാരക അവാർഡ് വൈക്കം ബ്ലോക്ക് പഞ്ചായത്തിനും കാർഷികഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡ് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ. എ.ലതയ്ക്കും ലഭിച്ചു. കൃഷിഭവനുള്ള പുരസ്‌കാരം പുതൂർ കൃഷിഭവനാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ കാർഷികപ്രവർത്തന മികവിനുള്ള പുരസ്‌കാരം എസ്.പി. ശ്രാവന്തിക സ്വന്തമാക്കി. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അച്ചുതമേനോൻ പുരസ്കാരം. ഫലകവും സർട്ടിഫിക്കറ്റുമാണ് സ്വാമിനാഥൻ അവാർഡ്. പുതൂർ കൃഷിഭവന് ഒരുലക്ഷം രൂപയും ശ്രാവന്തികയ്ക്ക് അരലക്ഷം രൂപയും ലഭിക്കും. മന്ത്രി പി. പ്രസാദാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. പുരസ്കാരങ്ങൾ 17ന് വിതരണം ചെയ്യും.
മറ്റു പുരസ്കാര വിജയികൾ- വി.വി. രാഘവൻ സ്മാരക അവാർഡ്: മീനങ്ങാടി കൃഷിഭവൻ. കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്: മാതകോട് നെല്ല് ഉത്പാദക പാടശേഖരസമിതി. ജൈവകൃഷി നത്തുന്ന ആദിവാസി ഊര്: ചേകാടി ഊര് ( ഒന്നാംസ്ഥാനം), മേമാരി (രണ്ടാംസ്ഥാനം). ഉത്പാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടം: പൈതൃക കർഷക സംഘം (ആലകോട് , മലപ്പുറം), സേവന മേഖലയിലെ മികച്ച കൃഷിക്കൂട്ടം: പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്റർ, മൂല്യവർദ്ധിത മേഖലയിലെ മികച്ച കൃഷിക്കൂട്ടം: തിരുമാറാടി ഫാർമർ പ്രൊഡ്യൂസർ കമ്പനി , പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘം: അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്.കർഷക വിദ്യാർത്ഥി പുരസ്കാരം: കൊല്ലം മുളവന സ്വദേശി പി.ചിന്മയി (സ്കൂൾ), പാറശാല മുണ്ടപ്ലാവിള സ്വദേശി വി.അക്ഷയ് (ഹയർ സെക്കൻഡറി), കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി എ.ആദിത്യൻ (കോളേജ്).