ചിറയിൻകീഴ്: സംസ്ഥാന കർഷക അവാർഡ് ചിറയിൻകീഴിന്.ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനു സമീപം ആതിരയിൽ വി.എൽ.അനിൽദേവാണ് പോഷകത്തോട്ടം വിഭാഗത്തിൽ അവാർഡിന് അർഹനായത്. 50000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.ചിങ്ങം ഒന്നിന് മുഖ്യമന്ത്രി അവാർഡ് കൈമാറും. ടെറസിലും പുരയിത്തിലുമാണ് കൃഷി. വീടിന് സമീപത്തെ 40 സെന്റ് പുരയിടത്തിൽ 55ൽപ്പരം ഫലവൃക്ഷങ്ങളും 1200ഓളം പച്ചക്കറികൾ ഗ്രോബാഗിലും മറ്റുമായി നട്ടിട്ടുണ്ട്. ഇതിനുപുറമേ കിഴങ്ങുവർഗങ്ങൾ,മഞ്ഞൾ,ഇഞ്ചി എന്നിവയുമുണ്ട്. ടെറസിനുമുകളിൽ ഗ്യാലറിയായി തിരിച്ചാണ് പലതും നട്ടിരിക്കുന്നത്. സമുദ്രാത്പന്ന കയറ്റുമതി വികസന അതോറിട്ടിയിലെ റിട്ട.ടെക്നിക്കൽ അസിസ്റ്രന്റാണ് അനിൽദേവ്.അച്ഛൻ വാസുദേവനിൽ നിന്നാണ് കൃഷിയിലേക്ക് ആകൃഷ്ടനായതെങ്കിലും റിട്ടയർ ചെയ്ത ശേഷമാണ് മുഴുവൻ സമയ ജൈവ കൃഷിയിലേക്ക് മാറുന്നത്. വി.എസ്.എസ്.സി റിട്ട.ഉദ്യോഗസ്ഥ ഉഷാദേവിക്കും മക്കളായ അഖിൽ,അമൽ,ശ്രീജിത്ത്,ശ്രീജേഷ് എന്നിവർക്കും കൃഷിയിൽ താത്പര്യമുണ്ടെന്നും സഹായിക്കാറുണ്ടെന്നും അനിൽദേവ് പറയുന്നു.
അവാർഡ് ജേതാവിനെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൾ വാഹീദ് ആദരിച്ചു.ക്ഷേമകാര്യ ചെയർപേഴ്സൺ രേണുകാ മാധവൻ,ബ്ലോക്ക് മെമ്പർ കെ.മോഹനൻ,വാർഡ് മെമ്പർ ശിവപ്രഭ,കൃഷി ഓഫീസർ എസ്.ജയകുമാർ,കൃഷി അസിസ്റ്റന്റുമാരായ വി.സിന്ധു,ജെ.എസ്.കാർത്തിക,പെസ്റ്റ് സ്കൗട്ട് ആർ.രാജി തുടങ്ങിയവർ പങ്കെടുത്തു.