36

ഉദിയൻകുളങ്ങര: കേരളത്തിന്റെ വിദ്യാഭ്യാസം ഒരു അവകാശമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം സ്‌കൂളില്‍ പരിസ്ഥിതി പുരസ്‌കാര വിതരണവും സുവനീര്‍ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനാര്‍ദ്ദനപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്ഥാപക മാനേജരും മുന്‍ എം.എല്‍.എയുമായ ജനാര്‍ദ്ദനന്‍ നായരുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി സുവനീര്‍ മുദ്ര പുരസ്‌കാര വിതരണവും സുവനീര്‍ റാന്തലിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഇന്നലെ വൈകിട്ട് 4 .45 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിന് പാറശാല എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്‌കൂളില്‍ പുതിയ ആര്‍ട് ഗാലറിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. മികവുത്സവം കലോത്സവം കായികോത്സവം തുടങ്ങിയവയുടെ ഉദ്ഘാടനവും നടന്നു. ഈ വര്‍ഷത്തെ പരിസ്ഥിതി സുവര്‍ണ മുദ്ര പുരസ്‌കാരം കാരയ്ക്ക മണ്ഡപം വിജയകുമാറിനും മുരുകന്‍ കാട്ടാക്കടയ്ക്ക് സുവനീറും മന്ത്രി കൈമാറി. സ്‌കൂള്‍ മാനേജര്‍ അഡ്വ വേണുഗോപാലന്‍ നായര്‍, ഒറ്റശേഖര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, ഗോകുല്‍ ജിജി, സ്‌കൂള്‍ മാനേജര്‍ എസ് ശ്രീകുമാരി അമ്മ, പി.ടി.എ പ്രസിഡന്റ് ഷാജു ജേക്കബ്, ഹെഡ്മാസ്റ്റര്‍ എം.എസ് ആദര്‍ശ്കുമാര്‍, പ്രിന്‍സിപ്പല്‍ വി. ശ്രീകല, യുവാക്കവി വിനോദ് വൈശാഖി തുടങ്ങിയവര്‍ സംസാരിച്ചു.