baikku-apakadam

ആറ്റിങ്ങൽ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് രക്ഷകനായത് ക്രൈംബ്രാഞ്ച് ഐ.ജി സി.എച്ച്.നാഗരാജു. ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി ജംഗ്ഷനു സമീപം സ്‌കൂളിന് മുന്നിൽ ഇന്നലെ രണ്ടരയോടെയാണ് അപകടം നടന്നത്. സർവീസ് റോഡിൽ വൺവേ തെറ്റിച്ചുവന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവർ റോഡിൽ വീണു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐ.ജി നാഗരാജു അപകടം കണ്ട് ഉടൻ കാറിൽ നിന്നിറങ്ങി ആറ്റിങ്ങൽ പൊലീസിനെ വിവരം അറിയിച്ചു. പരിക്കേറ്റവരെ ഉടൻ ആംബുലൻസിൽ കയറ്റാനും ഐ.ജി ഒപ്പമുണ്ടായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് ഐ.ജി മടങ്ങിയത്. അരമണിക്കൂറോളം നാഗരാജു അപകടസ്ഥലത്ത് ചെലവിട്ടു.