സ്വർണക്കടത്തെന്ന് സംശയം
കാർ പിടിച്ചെടുത്തു, പ്രതികൾ 5പേർ
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തമ്പാനൂർ ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ പോയ തമിഴ്നാട് സ്വദേശിയെ കാറിലെത്തിയ സംഘം മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച പുലർച്ചെ 12.15ന് നഗരമദ്ധ്യത്തിൽ ശ്രീകണ്‌ഠേശ്വരം പാർക്കിനടുത്തായിരുന്നു സംഭവം. സിംഗപ്പൂരിൽ നിന്നുള്ള സ്കൂട്ട് എയർലൈൻസിലെത്തിയ ആളിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ ആളിനെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്വർണക്കടത്ത് സംഘങ്ങളുടെ പകയോ, കടത്തിക്കൊണ്ടു വന്ന സ്വർണം തട്ടിയെടുക്കാനുള്ള ക്വട്ടേഷനോ ആണെന്നാണ് അനുമാനം. സി.സി.ടി.വി ദൃശ്യങ്ങളിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്,തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്‌റ്റ് കാർ വള്ളക്കടവ് ബോട്ടുപുരയ്ക്ക് അടുത്തു കണ്ടെത്തി. പ്രതികൾക്കായി കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണമുണ്ട്. രണ്ട് പേർ കസ്റ്റഡിയിലായെന്നും സൂചനയുണ്ട്.
വിമാനത്താവളത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് അരികിലെ ചായക്കടയിൽ നിന്ന് ചായകുടിച്ച ശേഷം, ഓട്ടോയിൽ കയറിയ ഇയാളുടെ കൈവശം ബാഗുകളൊന്നും ഉണ്ടായിരുന്നില്ല. വിമാനത്താവള ടെർമിനലിന് അകത്ത് കയറിയതായി സിസിടിവി ദൃശ്യങ്ങളില്ല. ബാഗുകളൊന്നും വിമാനത്താവളത്തിലോ പരിസരത്തോ ഉപേക്ഷിച്ചിട്ടുമില്ല. അതിനാൽ യാത്രക്കാരനെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കരുതാനാവില്ല. സ്വർണം തട്ടിയെടുത്തതായി ആരും പരാതിപ്പെട്ടിട്ടുമില്ല- സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.
അതേസമയം, വിമാനത്താവളത്തിൽ നിന്ന് മുൻപ് സ്ത്രീയെ അടക്കം തട്ടിക്കൊണ്ടുപോയ സംഘത്തെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇതിൽ രണ്ടുപേർ വള്ളക്കടവ് സ്വദേശികളാണ്. ഒരാൾ വിമാനത്താവളത്തിനടുത്ത് ചായക്കട നടത്തുന്നയാളാണെന്നാണ് സൂചന. കാക്കാമൂല സ്വദേശിയായ സ്ത്രീ വാടകയ്ക്ക് നൽകിയ കാറിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. അഞ്ച് പേരുടെ കൈമറിഞ്ഞാണ് കാർ ക്വട്ടേഷൻ സംഘത്തിന് കിട്ടിയത്. തിരുനെൽവേലിക്ക് പോവണമെന്നും നാഗർകോവിലിലേക്കുള്ള ബസ് ടെർമിനലിൽ എത്തിക്കാനും ആവശ്യപ്പെട്ടാണ് യാത്രക്കാരൻ ചാക്ക ആറ്റുവരമ്പ് സ്വദേശി വൈശാഖിന്റെ ഓട്ടോയിൽ കയറിയത്. ശ്രീകണ്‌ഠേശ്വരം ഭാഗത്ത് എത്തിയപ്പോൾ പിന്നാലെ പാഞ്ഞുവന്ന സ്വിഫ്‌റ്റ് കാർ കുറുകെ നിറുത്തി നാലു പേർ ചാടിയിറങ്ങി ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച വൈശാഖിന്റെ കൈ പിന്നിലേക്ക് പിടിച്ചുതിരിച്ചു. കാർ യാത്രക്കാരനുമായി തകരപ്പറമ്പ് ഫ്ലൈഓവറിന് മുകളിലൂടെ അതിവേഗത്തിൽ ഓടിച്ചുപോയി. വൈശാഖിന്റെ പരാതിയിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. യാത്രക്കാരന്റെ കഴുത്തിൽ മൂന്നുപവൻ വരുന്ന മാലയുണ്ടായിരുന്നതായും വിവരമുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ നമ്പർ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇന്നലെ വൈകിട്ടോടെ കാർ പിടിച്ചെടുത്തത്.