akshai

പാറശാല: സംസ്ഥാന കാർഷിക വികസന വകുപ്പ് ഏർപ്പെടുത്തിയ മികച്ച വിദ്യാർത്ഥി (ഹയർ സെക്കൻഡറി വിഭാഗത്തിൽ) കർഷകനുള്ള അവാർഡിന് വി. അക്ഷയ് അർഹനായി. പാറശാല പഞ്ചായത്തിൽ മുണ്ടപ്ലാവിള മേൽപ്പുറം മുട്ടക്കലിൽ കർഷകനായ വിജയകുമാറിന്റെയും പ്രീജയുടെയും മകനായ അക്ഷയ് ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർത്ഥിയാണ്. എസ്.എസ്.എൽ.സിക്ക് ചെറുവാരക്കോണം എൽ.എം.എസ് സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച അക്ഷയ് കൃഷിയിലും നൂറുമേനി വിളയിച്ചു.

പടവലം, പാവൽ, ചീര, വെണ്ട, പയർ, വാഴ, കത്തിരി, വഴുതന, വെള്ളരി, ചെണ്ടുമല്ലി, വാടാമല്ലി എന്നിവ കൃഷി ചെയ്യുന്നു. സമ്മിശ്ര കൃഷി രീതിയാണ് അക്ഷയുടേത്. പച്ചക്കറി വിളകൾക്ക് ചുറ്റും വേലിയായി ചെണ്ടുമല്ലി, തുളസി, ചോളം എന്നിവ നടുമ്പോൾ കീടങ്ങളുടെ ആക്രമണം കുറയുന്നതായും അക്ഷയ് പറഞ്ഞു. സ്‌കൂൾ കഴിഞ്ഞുവന്നാൽ കൃഷിയിൽ അച്ഛനോടൊപ്പം കൂടും. ഒന്നേകാൽ ഏക്കർ വാഴ കൃഷി ചെയ്യുന്നതിൽ എണ്ണൂറോളം ടിഷ്യുകൾച്ചർ നേന്ത്രൻ വാഴകൾ വിളവെടുപ്പിന് പാകമായി. സ്വന്തമായി നിർമ്മിക്കുന്ന ജൈവ കീടനാശിനികളും കൃഷിഭവൻ മുഖേന ലഭിക്കുന്ന കീട - രോഗ നാശിനികളും കെണികളുമാണ് ഉപയോഗിക്കുന്നത്. സംസ്ഥാന കർഷക ദിനത്തിൽ 25000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അക്ഷയ്‌ക്ക് സമ്മാനിക്കും.