car

തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് ഓട്ടോയിൽ തമ്പാനൂരിലേക്ക് പോയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയത് റെന്റ് എ കാറിലാണെന്ന് പൊലീസ്. കാക്കാമൂല സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള കാർ ദിവസ - ആഴ്ച രീതിയിൽ വാടയ്ക്ക് നൽകുന്നതാണ്. അവരിൽ നിന്ന് വാടകയ്ക്കെടുത്ത കാർ അഞ്ച് കൈമറിഞ്ഞാണ് പ്രതികൾക്ക് കിട്ടിയത്. ഉടമയായ സ്ത്രീ ബന്ധുവിന് കാർ നൽകിയിരിക്കുകയായിരുന്നു. അയാളിൽ നിന്ന് മറ്റൊരു യുവാവ് വാടകയ്ക്കെടുത്തു. വീണ്ടും പല കൈമറിഞ്ഞു. കാർ വാടകയ്ക്കെടുത്ത ആളെയും കാറിലുണ്ടായിരുന്ന ഒരാളെയും കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വഞ്ചിയൂർ പൊലീസിന്റെ ഒരു സംഘം തമിഴ്നാട്ടിലേക്കും പോയിട്ടുണ്ട്.

തകരപ്പറമ്പ് പാലത്തിനടുത്തെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ നമ്പറും പ്രതികളുടെ വിവരങ്ങളും പൊലീസിന് കിട്ടിയെന്ന് ഉറപ്പായതോടെ വള്ളക്കടവ് ബോട്ടുപുരയ്ക്കു സമീപത്ത് വാഹനം ഉപേക്ഷിച്ചു. കാർ ഇന്നലെ ഉച്ചയോടെ പൊലീസ് കണ്ടെടുത്ത് വഞ്ചിയൂർ സ്റ്റേഷനിലേക്ക് മാറ്റി. ശാസ്ത്രീയപരിശോധന നടത്തി കാറിൽ നിന്ന് വിരലടയാളങ്ങൾ ശേഖരിക്കുന്നുണ്ട്. തമിഴ്നാട് സ്വദേശിയെ തട്ടിയെടുത്ത ശേഷം, തകരപ്പറമ്പ് ഫ്ലൈ ഓവറിലൂടെ കാർ പാഞ്ഞുപോയെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഈ ഭാഗത്തുള്ള സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കാർ പോയ പാത പൊലീസ് തിരിച്ചറിഞ്ഞത്.

 നിർണായക വിവരങ്ങൾ കിട്ടി: പൊലീസ്

തട്ടിക്കൊണ്ടുപോയ ആൾ വിമാനത്താവളത്തിൽ എത്തിയത് എന്തിനാണെന്നും അയാൾ ആരെയാണ് കണ്ടതെന്നുമടക്കം നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വർണക്കടത്ത് ക്വട്ടേഷനാണ് സംശയിക്കുന്നത്. പൊലീസ് പ്രതികളുടെ പിന്നാലെയുണ്ട്. ഇന്നുതന്നെ എല്ലാവരെയും പിടികൂടും.