തിരുവനന്തപുരം : ആരോഗ്യ വിദഗ്ദ്ധർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല സാധാരണക്കാർക്കും വാക്സിനേഷൻ അവബോധം ഉറപ്പാക്കണമെന്നും ഇതിനായി ബോധവത്കരണം അനിവാര്യമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കിംസ്‌ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.എം.ഐ സഹദുള്ള, യു.എ.ഇ യൂണിവേഴ്സിറ്റി പീഡിയാട്രിക്സ് ആൻഡ് പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസർ ഡോ.സയീന ഉദുമാനുമായി ചേർന്ന് എഴുതിയ വേൾഡ് ഒഫ് വാക്സിനോളജി 2024 എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. എം.ഐ സഹദുള്ള അദ്ധ്യക്ഷത വഹിച്ചു. സെർവിക്കൽ ക്യാൻസറിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ വാക്സിനേഷൻ പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കാൻ കിംസ്‌ഹെൽത്ത് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. സെർവിക്കൽ ക്യാൻസർ തടയുന്നതിനായി ഒൻപത് മുതൽ 14വയസു വരെയുള്ള വിദ്യാർത്ഥികൾക്ക് എച്ച്.പി.വി വാക്‌സിൻ സൗജന്യമായി നൽകുന്നതാണ് പദ്ധതി. കിംസ്‌ഹെൽത്ത് എക്‌സിക്യുട്ടിവ് ഡയറക്ടർ ഇ.എം.നജീബ്, ഡോ.സയീന ഉദുമാൻ,കിംസ്‌ഹെൽത്ത് വൈസ്‌ചെയർമാൻ ഡോ.ജി.വിജയരാഘവൻ, ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം കൺസൾട്ടന്റ് ഡോ.മുഹമ്മദ് നിയാസ്, സീനിയർ കൺസൾട്ടന്റ് ഡോ.എ.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.