1

വിഴിഞ്ഞം: 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെ രക്ഷിച്ച് വിഴിഞ്ഞം ഫയർഫോഴ്സ്. കല്ലുവെട്ടാൻകുഴി തുംബ്ളിയോട് വീട്ടിൽ വസന്തയുടെ (70) വീട്ടുമുറ്റത്തുള്ള 50 അടിയോളം താഴ്ചയും 30 അടിയോളം വെള്ളവുമുള്ള കിണറ്റിൽ വീണ ആടിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 8.40ഓടെയായിരുന്നു സംഭവം.
വസന്തയ്‌ക്കും കൂടെ താമസിക്കുന്ന ഇളയ സഹോദരൻ സുരേന്ദ്രനും (62) സംസാരശേഷിയില്ല. അവിവാഹിതരായ ഇവരുടെ ഉപജീവനമാർഗമാണ് ആട് വളർത്തൽ. അടുത്ത വീട്ടിൽ താമസിക്കുന്ന മറ്റൊരു സഹോദരൻ ശേഖരനും (65) കേൾവിശക്തിയും സംസാരശേഷിയുമില്ല. ആട് കിണറ്റിൽ വീണത് കണ്ട് ഇവർ ബഹളം വച്ചതോടെ സമീപത്ത് താമസിക്കുന്ന ശേഖരന്റെ മകൻ വിജീഷ് ഓടിയെത്തി ആദ്യം കുട്ട കെട്ടിയിറക്കിയെങ്കിലും ആട് കയറിയില്ല.
തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി നെറ്റ്,റോപ്പ് എന്നിവ ഉപയോഗിച്ച് ആടിനെ രക്ഷിക്കുകയായിരുന്നു. വിഴിഞ്ഞം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്‌.ടി.ഒ.അലി അക്ബർ.എസ്,ഫയർ ആൻഡ് റെസ്‌യൂ ഓഫീസർമാരായ ബിനുകുമാർ.എസ്‌.ഒ,ജെ.സന്തോഷ് കുമാർ,എസ്.അനുരാജ്,എസ്.ബിജു ഹോം ഗാർഡ് സജി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.