mullapperiyar

കഴിഞ്ഞ കുറെ വർഷങ്ങളായി തുലാവർഷക്കാലത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് വലിയൊരു ഭീകര ദുരന്ത സാദ്ധ്യതയുമായി കേരളത്തിലെമ്പാടും ചർച്ചാവിഷയമാകാറുള്ളത്. ഇക്കുറി വളരെ മുന്നേതന്നെ അതുണ്ടായിരിക്കുന്നു. വയനാട്ടിൽ ഉരുൾപൊട്ടലിലുണ്ടായ കനത്ത ആൾനാശമാണ് മുല്ലപ്പെരിയാറിനെ വീണ്ടും ഭീതിയോടെ വീക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന്റെ കടുംപിടിത്തത്തിനെതിരെ പ്രദേശവാസികളെ അണിനിരത്തി ജനകീയ പ്രക്ഷോഭത്തിനുള്ള ആഹ്വാനം മുഴങ്ങിക്കഴിഞ്ഞു. സത്യാഗ്രഹ തീയതിയും കുറിച്ചിട്ടുണ്ട്. കാലവർഷത്തിൽത്തന്നെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി ശേഷിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. തുലാവർഷം കൂടി കനത്താൽ സ്ഥിതി അപകടാവസ്ഥയിലേക്കു നീങ്ങുമോ എന്നാണു പേടി. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാൻ മാത്രമേ ജനത്തിനു കഴിയൂ.

ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭദ്രതയെക്കുറിച്ച് പതിവുപോലെ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. അണക്കെട്ടിന് ബലക്ഷയമുള്ളതിനാൽ കൂടുതൽ വെള്ളം കെട്ടിനിറുത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഒരു കൂട്ടർ വാദിക്കുന്നു. മറുവശത്താകട്ടെ ബലക്ഷയമെന്നത് സാങ്കല്പികം മാത്രമാണെന്നും അണക്കെട്ട് പൂർണമായും സുരക്ഷിതമാണെന്നും പ്രത്യേകിച്ച് തെളിവുകളുടെ പിൻബലമൊന്നുമില്ലാതെ സമർത്ഥിക്കുന്നവർ നിലകൊള്ളുന്നു. ശാസ്ത്ര - സാങ്കേതിക കാര്യങ്ങളിൽ പിടിപാടൊന്നുമില്ലാത്ത സാധാരണക്കാരുടെ ഉള്ള് ഇതൊക്കെ വായിക്കുമ്പോഴും കേൾക്കുമ്പോഴും പിടയുകയാണ്. അത്യാഹിതം സംഭവിച്ചാലുണ്ടാകാവുന്ന ഭയാനകമായ നാശനഷ്ടങ്ങളോർത്ത് പലരും ഭയസംഭ്രാന്തിയിലാണ്.

മുല്ലപ്പെരിയാർ ഭീഷണിയിൽ നിന്ന് ജനങ്ങളെയും കേരളത്തെയും സംരക്ഷിക്കാനുള്ള ഏക മാർഗം പുതിയൊരു അണക്കെട്ടിന്റെ നിർമ്മാണമാണ്. അതിനുള്ള ആലോചന തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. തമിഴ്‌നാടിന്റെ ശക്തമായ എതിർപ്പുകാരണം അതു നടക്കാതിരിക്കുകയാണ്. നിലവിലെ കരാറിൻ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടുതന്നെ തമിഴ്‌നാടിനു ജലം തുടർന്നു നൽകാമെന്ന കേരളത്തിന്റെ വാഗ്ദാനം ചെവിക്കൊള്ളാൻ അവർ തയ്യാറാകുന്നില്ല. പുതിയ അണക്കെട്ട് എന്നു കേൾക്കുമ്പോൾത്തന്നെ തമിഴ്‌നാട് സർക്കാരും അവിടത്തെ ജനങ്ങളും കേരളത്തോട് പോരിനിറങ്ങുകയാണ്. ഇപ്പോഴത്തെ ഡി.എം.കെ ഭരണകൂടവുമായി കേരള സർക്കാരിന് നല്ല ബന്ധമാണുള്ളതെങ്കിലും മുല്ലപ്പെരിയാർ വിഷയത്തിൽ ഒരുവിധ വിട്ടുവീഴ്‌ചയ്ക്കും അവർ ഒരുക്കമല്ലെന്നതാണ് ഇതുവരെയുള്ള അനുഭവം. മുല്ലപ്പെരിയാർ അണക്കെട്ടിന് അപകടമെന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകാവുന്ന സർവനാശം അവരെ തെല്ലും ഉൽക്കണ്ഠാഭരിതമാക്കുന്നില്ല. എന്തുപറഞ്ഞാലും ഇപ്പോഴത്തെ മുല്ലപ്പെരിയാർ അണക്കെട്ട് അതേപടി നിലനിൽക്കണമെന്നാണ് അവരുടെ നിലപാട്. രണ്ടുഘട്ടങ്ങളിലായി തങ്ങൾക്ക് അനുകൂലമായുണ്ടായ സുപ്രീംകോടതി വിധി തമിഴ്‌‌നാടിന്റെ നിലപാടിന് കരുത്ത് പകരുന്നുമുണ്ട്. 142 അടി വരെ ജലനിരപ്പ് ഉയർത്താൻ കോടതിവിധി തമിഴ്‌നാടിനെ അനുവദിക്കുന്നുണ്ട്. എന്നാൽ സുരക്ഷാഭീഷണി കണക്കിലെടുത്ത് ജലനിരപ്പ് 136 അടിയിൽ നിയന്ത്രിക്കുകയാണു ചെയ്യുന്നത്. അത് 120 അടിയായി കുറയ്ക്കുകയും ഇപ്പോഴത്തെ അണക്കെട്ടിൽ നിന്ന് താഴേയ്ക്കുമാറി പുതിയ അണക്കെട്ട് നിർമ്മിക്കുകയുമാണ് അഭികാമ്യമെന്ന കേരളത്തിന്റെ നിലപാട് തമിഴ്‌നാട് പാടേ തള്ളിക്കളയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പ്രളയ ദുരന്തങ്ങളുടെയും അണക്കെട്ടു തകർച്ചയുടെയും പശ്ചാത്തലത്തിൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു പുനർവിചിന്തനത്തിന് തമിഴ്‌നാടിനെ പ്രേരിപ്പിക്കാൻ ഇപ്പോഴത്തെ ഈ സൗഹൃദബന്ധം മുൻനിറുത്തി സർക്കാർ ശ്രമിക്കേണ്ടതാണ്. മുല്ലപ്പെരിയാർ സൃഷ്ടിക്കുന്ന സുരക്ഷാഭീഷണി ഇല്ലാതാക്കാൻ ഈ ഒരൊറ്റ വഴിയേ ഉള്ളൂ. മുല്ലപ്പെരിയാറിന്റെ സുരക്ഷാഭീഷണിയുമായി ബന്ധപ്പെട്ട് നിരവധി ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ ഇതിനകം ഉണ്ടായിട്ടുണ്ട്. അവ ആധാരമാക്കി കേസ് നന്നായി അവതരിപ്പിക്കാൻ സംസ്ഥാനത്തിന് കഴിയാതെ പോയതാണ് സുപ്രീംകോടതിയിലുണ്ടായ തിരിച്ചടികൾക്കു കാരണം. കേരളത്തിന്റെ ആശങ്കയും ഭയവും കേവലം സാങ്കല്പികമല്ലെന്നും യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോടതിയെ ബോദ്ധ്യപ്പെടുത്താനാവണം. ഒരുവശത്ത് അത് നടക്കുമ്പോൾത്തന്നെ മറുവശത്ത് തമിഴ്നാടിനെ പുതിയ അണക്കെട്ട് എന്ന പരിഹാരത്തിലേക്ക് എത്തിക്കാനാവശ്യമായ രാഷ്ട്രീയ സമ്മർദ്ദവും തുടരണം.