ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഇടയ്ക്കാട് ഊരുപൊയ്ക മങ്കാട്ടുമൂല ആതിര ഭവനിൽ അരുണി(33) നെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പവനോളം സ്വർണ്ണാഭരണങ്ങൾ വ്യാജമായി നിർമ്മിച്ച് ആലംകോട്ടെ സ്വകാര്യ ഫൈനാൻസിയേഴ്സിൽനിന്ന് ആധാർ കാർഡ്, ഇലക്ഷൻ കാർഡ് എന്നിവ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. സമാന കുറ്റകൃത്യത്തിൽ ഇതുവരെ ആറ്റിങ്ങൽ പൊലീസ് 5 പേരെ അറസ്റ്റുചെയ്തു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്. മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ. ജി, എസ്.ഐ മാരായ സജിത്ത്. എസ്. ജിഷ്ണു എം.എസ്, എസ്.സി. പി.ഒ മാരായ ശരത്‌കുമാർ എൽ.ആർ, പ്രേംകുമാർ, സി.പി.ഒ വിഷ്ണുലാൽ എന്നിവരടങ്ങിയ സംഘമാണ് ചെയ്തത്. ബാഗ്ലൂർ സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പൂശിയ ആഭരണങ്ങൾ ഈ സംഘം വാങ്ങി വന്നിരുന്നത്. ഹാൾമാർക്കും 916 അടയാളങ്ങളും പതിപ്പിച്ചിട്ടുള്ള ഈ ആഭരണങ്ങൾ സാധാരണ രീതിയിൽ അപ്രൈസർമാർ പരിശോധിച്ചാൽ മനസ്സിലാകില്ല. ആലംകോടുള്ള സ്വകാര്യ ഫൈനാൻസിനു പുറമെ മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും പ്രതികൾ പല പേരിൽ പണയം വച്ചിട്ടുണ്ട്. പല പേരുകളിലും വിലാസങ്ങളിലുമുള്ള ആധാർ കാർഡിന്റെ കോപ്പികളും മറ്റും പ്രതിയിൽ നിന്ന് കണ്ടെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളിൽ പ്രതികൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് വിലയിരുത്തുന്നു.