തിരുവനന്തപുരം: 2018ൽ കൊവിഡിനെ തുടർന്ന് പ്രവർത്തനം നിലച്ചുപോയ തിരുവനന്തപുരം സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് (ടി.സി.പി.എ) പുനർജനിക്കുന്നു. കോർപ്പറേറ്റ് സാംസ്‌കാരിക ഉത്തരവാദിത്ത സംരംഭങ്ങളുടെ ഭാഗമായി ടെറുമോ പെൻപോളിന്റെ സ്ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാനുമായ ബാലഗോപാൽ ചന്ദ്രശേഖർ, ഐ.ബി.എസ് സോഫ്‌ട്‌വെയർ എക്‌സിക്യുട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ്, മുത്തൂറ്റ് ഫിൻകോർപ്പിന്റെ ചെയർമാനും എം.ഡിയുമായ തോമസ് ജോൺ മുത്തൂറ്റ് എന്നിവരാണ് ഇതിനുപിന്നിൽ. സിനിമാതാരം കുക്കു പരമേശ്വരനാണ് ആർട്ടിസ്റ്റിക് ഡയറക്ടർ. കേരളത്തിന്റെ കലാപാരമ്പര്യത്തെയും കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കുക, നഗരത്തിന്റെ സാംസ്‌കാരികമുഖം ആഗോളപ്രശസ്തമാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. വർഷം മുഴുവനും പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം ഓരോ വർഷവും മൂന്ന് പ്രധാന ഷോകളും നടത്തും. 24ന് വൈകിട്ട് 7.30ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ അഗം ബാൻഡിന്റെ സംഗീതനിശയാണ് ആദ്യ പരിപാടി. പരിപാടിയിൽ നിന്നുള്ള വരുമാനം മുഴുവൻ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ബുക്ക് മൈ ഷോ ആപ്പ് വഴിയാണ് ടിക്കറ്റ് വില്പന. 499 രൂപ മുതലാണ് നിരക്ക്.എല്ലാ വിഭാഗം കലാകാരന്മാരുടെയും ഡാറ്റാബേസ് തയ്യാറാക്കൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പെൻഷനും റിട്ടയർമെന്റ് ആനുകൂല്യങ്ങളും നൽകുക എന്നിവയും ടി.സി.പി.എ ലക്ഷ്യമിടുന്നുണ്ട്.