ശംഖുംമുഖം: നഗരത്തിൽ പിടിമുറുക്കിയ ലഹരി മാഫിയകളുടെ വിളയാട്ട കേന്ദ്രമായി തീരദേശവും മാറുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ബീമാപ്പള്ളിയിലേത്. കൊല്ലപ്പെട്ട ഷിബിലിക്ക് എതിരെ പൂന്തുറ,വിഴിഞ്ഞം,പൂവ്വാർ,ഫോർട്ട് ഉൾപെടെയുള്ള പൊലീസ് സ്റ്റേഷനുകളിലായി മോഷണവും ലഹരി വിൽപ്പനയും ഉൾപ്പടെ 28 കേസുകളുണ്ട്. കേസിലെ മുഖ്യപ്രതിയായ ഇനാസിന്റ പേരിൽ വാഹനമോഷണമടക്കം നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
എതിർത്താൽ അടി ഉറപ്പ്
ഓരോ കേസിലും ജാമ്യത്തിൽ പുറത്തിറങ്ങുന്ന ഇവർ പിന്നീട് പരസ്യമായാണ് ലഹരിവില്പന നടത്തുന്നത്. എതിർക്കുന്നവരെ സംഘം ചേർന്ന് ഉപദ്രവിക്കും. മാസങ്ങൾക്ക് മുമ്പ് ബീമാപള്ളി കോമ്പൗണ്ടിൽ ലഹരി വില്പന നടത്തിയത് ചോദ്യം ചെയ്ത പള്ളി കമ്മിറ്റി സെക്രട്ടറിയെ ഷിബിലി മർദ്ദിച്ചിരുന്നു. ഈ കേസിൽ അറസ്റ്രിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയപ്പോഴും പരസ്യമായി ലഹരിക്കച്ചവടം നടത്തിയിരുന്നു.
സംഘമായി വീട് കയറി അക്രമം
ബീമാപള്ളിയിലും പരിസരപ്രദേശങ്ങളിലും ലഹരിമാഫിയാ സംഘങ്ങളുടെ എണ്ണം കൂടിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ലഹരിവില്പന തടയുന്നതിനും ഏജന്റുമാരെ കുറിച്ച് പൊലീസിന് കൃത്യമായ വിവരം നൽകുന്നതിനുമായി യുവാക്കൾ രംഗത്ത് എത്തിയിരുന്നു.ഇവരുടെ നേതൃത്വത്തിൽ രാത്രിയും പകലും ബീമാപള്ളി പരിസരം കേന്ദ്രീകരിച്ച് നീരീക്ഷണങ്ങളും ശക്തമാക്കിയിരുന്നു. ലഹരിക്കച്ചവടം നടത്തിയവരെ പൊലീസിൽ ഏല്പിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ജാമ്യം ലഭിച്ച ഇവർ യുവാക്കളെ പലതവണ ആക്രമിച്ചു. ഇതോടെ യുവാക്കൾ ഭയന്ന് പിന്മാറി. തീരദേശമേഖലകളിൽ നടക്കുന്ന ആക്രമണങ്ങളിൽ പിടിയിലാകുന്നവരിലധികവും മയക്കുമരുന്നിന് അടിമകളാണ്.