sangeeth

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. 26നാണ് മഹാശോഭയാത്ര. ഇന്ന് വൈകിട്ട് 5ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ മുന്നിൽ കൃഷ്ണകുടീരം പരിപാടി നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ നിർവഹിച്ചു.

പടിഞ്ഞാറെകോട്ടയിലെ ലളിത് മഹൽഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ.ടി.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. മലയാളകലണ്ടറിന്റെ പ്രകാശനം മുൻചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻനായർ നിർവഹിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ,രാഷ്ട്രീയ നിരീക്ഷകൻ ഡോ.മുഹമ്മദ് ഫക്രുദീൻ അലി,കൗൺസിലർ ജാനകിഅമ്മാൾ,കാശിനാഥ്, എ.വി.രാധാകൃഷ്ണൻ,എസ്.വിജുകുമാർ,ഡോ.എസ്.മിനി വേണുഗോപാൽ എന്നിവർ സംസാരിച്ചു.

ആഘോഷത്തിന്റെ ഭാഗമായി തിരുവല്ലം,ആറ്റുകാൽ,പേരൂർക്കട,ശ്രീകാര്യം,പാപ്പനംകോട് എന്നിവിടങ്ങളിൽ കുഞ്ഞുകുട്ടികൾക്കായി ചിത്രരചനാ മത്സരം നടന്നു. കരമനയാറിന്റെ ഗണപതിക്ഷേത്രകടവിൽ നദീപൂജയും നടത്തി. 22നാണ് ശോഭായാത്രയുടെ പതാകദിനം.അന്ന് വൈകിട്ട് 5.30ന് ശാസ്തമംഗലത്ത് വൃക്ഷ പൂജ.23ന് ശ്രീകാര്യം ഇളംകാവിൽ മഹാദേവ ക്ഷേത്രത്തിൽ ഗോമാതാപൂജ.24ന് കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാൾ പാർക്കിൽ ഗോപികാ നൃത്തം.25ന് ഉറിയടി തുടങ്ങിയ പരിപാടികളും നടക്കും.26ന് വൈകിട്ട് 3ഓടെ പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് മഹാശോഭായാത്ര ആരംഭിക്കുക.പഴവങ്ങാടി ക്ഷേത്ര സന്നിധിയിൽ സമാപിക്കും.