മുടപുരം: കൊവിഡ് കാലത്ത് നിറുത്തലാക്കിയ അഴൂർ മുട്ടപ്പലം എം.എഫ്.എ.സി.ജംഗ്‌ഷൻ വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നാളിതുവരെ പുനഃരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നല്ല കളക്ഷൻ ഉണ്ടായിരുന്ന സർവീസ് ലോക്‌ഡൗൺ മാറ്റിയിട്ടും തുടങ്ങാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ചിറയിൻകീഴ് നിന്നും അഴൂർ, എം.എഫ്.എ.സി.ജംഗ്‌ഷൻ, മുട്ടപ്പലം, ശാസ്തവട്ടം വഴി നാഷണൽ ഹൈവേയിൽ പ്രവേശിക്കുന്നതാണ് ഈ റൂട്ട്. പി.ഡബ്ലിയു.ഡിയുടെ റോഡയിരുന്നിട്ടും ഇതുവഴി ബസ് സർവീസ് ഇല്ലാത്തത് നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ റൂട്ട് വഴി നെടുമങ്ങാട്ടേക്ക് സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു. അതിനു ശേഷം ജില്ലയിൽ പല റൂട്ടുകളിലും കെ.എസ്.ആർ.ടി.സി.സർവീസ് ആരംഭിച്ചപ്പോൾ ഇതുവഴിയും കെ.എസ്.ആർ.ടി.സി.സർവീസ് തുടങ്ങി. അന്ന് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ നിന്നുമാണ് സർവീസ് നടത്തിയിരുന്നത്. കണിയാപുരം ഡിപ്പോ ആരംഭിച്ചതോടെ സർവ്വീസുകൾ ഈ ഡിപ്പോയുടെ കീഴിലായി. അതിനുശേഷം സർവ്വീസുകൾക്ക് മുടക്കവും തുടങ്ങി.
കാരണം റെയിൽവേ ഗേറ്റ്
വക്കം-പണയിൽക്കടവ് നിന്നും സർവീസ് ആരംഭിച്ചെങ്കിലും അതും കൃത്യമായി സർവീസ് നടത്തിയിരുന്നില്ല. ചിറയിൻകീഴ് നിന്നും ശാർക്കര, മഞ്ചാടിമൂട് റയിൽവേ ഗേറ്റുകൾ കടന്നാണ് അന്ന് ബസുകൾ സർവീസ് നടത്തിയിരുന്നത്. ട്രെയിൻ കടന്നു പോകുന്ന സമയത്ത് റെയിൽവേ ഗേറ്റുകൾ അടച്ചിടുമ്പോൾ ഉണ്ടാകുന്ന സമയ നഷ്ടമാണ് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നിറുത്തലാക്കുന്നതിന് പ്രധാന കാരണമായി അന്ന് പറഞ്ഞത്.
ലോക്ക് മാറാതെ...
രണ്ടു റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി ചിറയിൻകീഴ്, ശാർക്കര മഞ്ചാടിമൂട് ബൈപാസ് റോഡ് പുതുതായി പണിത് ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ പ്രശ്നത്തിന് പരിഹാരമായി. ബൈപാസ് റോഡ് തുറന്നതോടെ നിറുത്തലാക്കിയ ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചെങ്കിലും കൊവിഡ് കാലത്ത് വീണ്ടും നിറുത്തി. അത് പിന്നെ ആരംഭിച്ചിട്ടില്ല.