തിരുവനന്തപുരം: തിരുവോണപ്പുലരിയിൽ ശ്രീ പദ്മനാഭന് സമർപ്പിക്കാനുള്ള ഓണവില്ലുകളുടെ നിർമ്മാണത്തിന് കരമന മേലാറന്നൂർ വിളയിൽവീട്ടിൽ തുടക്കമായി. തിരുവോണനാളിൽ പുലർച്ചെ അഞ്ചിനും ആറിനുമിടയിലാണ് ഓണവില്ല് സമർപ്പണം. 41 ദിവസത്തെ വ്രതമെടുത്താണ് വില്ലുകൾ തയ്യാറാക്കുന്നത്.
കടമ്പുവൃക്ഷത്തിന്റെ തടി ഉപയോഗിച്ച് മൂന്നര, നാല്, നാലര അടി നീളത്തിലുള്ള വില്ലുകളാണ് നിർമ്മിക്കുന്നത്. മുക്കാൽ ഇഞ്ച് കനത്തിലുള്ള പലകകൾ ആറിഞ്ച്, അഞ്ചിഞ്ച്, നാലിഞ്ച് വീതിയിൽ മുറിച്ച് മിനുക്കിയെടുത്താണ് വില്ലുകൾ നിർമ്മിക്കുന്നത്. വില്ലിന്റെ ചിത്രമുഖത്ത് പശ്ചാത്തലവർണമായി ചുവപ്പ് നിറമാണ് ഉപയോഗിക്കുന്നത്. മഞ്ഞ, വെള്ള, കറുപ്പ് വർണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെഴുതുന്നത്. പ്രകൃതിദത്തമായ കൂട്ടുകളാണ് വർണങ്ങൾക്ക് ഉപയോഗിക്കുന്നത്. നാലരയടി നീളമുള്ള വലിയ വില്ലിൽ അനന്തശയനം ചിത്രീകരിച്ചിട്ടുള്ളതിനാൽ ഇവയെ അനന്തശയന വില്ലെന്ന് വിളിക്കുന്നു. പട്ടാഭിഷേകവില്ലിൽ ഭരതന്റെ പാദപൂജ, ശബരീമോക്ഷം, ശ്രീരാമപട്ടാഭിഷേകം തുടങ്ങിയ സന്ദർഭങ്ങളാണ് വരയ്‌ക്കുന്നത്. കൃഷ്‌ണലീല വില്ലിൽ വെണ്ണമോഷണം, ഗോകുലം, ഊഞ്ഞാലാട്ടം, കാളിയമർദ്ദനം, വിശ്വരൂപദർശനം എന്നിവയും ശാസ്താവ് വില്ലിൽ മോഹിനിയും ശിവനും അയ്യപ്പനും അശ്വാരൂഢനായ ശാസ്‌താവും വിനായകവില്ലിൽ ഗണപതിയും ദീപങ്ങളും വരയ്‌ക്കുന്നു. പട്ടാഭിഷേകവില്ല് ശ്രീരാമ വിഗ്രഹത്തിലും ദശാവതാര വില്ല് നരസിംഹമൂർത്തിക്കും മറ്റുള്ളവ ശ്രീകൃഷ്‌ണൻ, ശാസ്‌താവ്, അഗ്രശാലാഗണപതി എന്നീ വിഗ്രഹങ്ങളിലും ചാർത്തും. ബിൻകുമാർ ആചാരിയുടെ നേതൃത്വത്തിൽ ആരംഭിച്ച വില്ല് നിർമ്മാണത്തിൽ സഹോദരങ്ങളായ ക്ഷേത്രശില്പി സുദർശനാചാരി, ഉമേഷ് ആചാരി, സുലഭൻ ആചാരി,ആർ.എസ് കാർത്തികേയൻ, പുതുതലമുറക്കാരായ പ്രണവ് ദേവ്,ശിവപാർവതി എന്നിവരോടൊപ്പം ഇളംതലമുറക്കാരി അദ്വികയും മുൻ തലമുറയിലെ നാഗേന്ദ്രനാചാരിയും പങ്കെടുക്കുന്നു.