vc

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ എം.ടെക് പാഠ്യപദ്ധതി വ്യവസായ ബന്ധിതമാവും. പ്രോജക്ട് അധിഷ്‌ഠിത പഠനം, പ്രശസ്ത ലാബുകളിലും കമ്പനികളിലും ഇന്റേൺഷിപ്പുകൾ,ഗവേഷണ ഉത്പ്പന്നങ്ങളെ വാണിജ്യവത്ക്കരിക്കൽ എന്നിവയുണ്ടാകും. വെഹിക്കിൾ ടെക്നോളജി,എംബഡഡ് സിസ്റ്റംസ് ടെക്നോളജീസ്, ഇൻഫ്രാസ്ട്രക്ച്ചർ എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്,​മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിൽ ഇക്കൊല്ലം മുതൽ വാഴ്സിറ്റിയുടെ പഠന വകുപ്പുകളിൽ എം.ടെക് കോഴ്സ് ആരംഭിച്ചു. പാഠ്യപദ്ധതി വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതാവണമെന്ന് വൈസ്ചാൻസലർ ഡോ.സജി ഗോപിനാഥ് പറഞ്ഞു. അക്കാഡമിക് കമ്മിറ്റി അംഗങ്ങൾക്കായുള്ള ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഐ.ഐ.ടി, എൻ.ഐ ടി, നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ വിദഗ്ദ്ധർ ശിൽപ്പശാലയിൽ പങ്കെടുക്കും. ബോർഡ് ഒഫ് ഗവർണേഴ്‌സ് അംഗം ഡോ.ജി.വേണുഗോപാൽ, സിൻഡിക്കേറ്റ് അംഗം വിനോദ്‌കുമാർ ജേക്കബ്,രജിസ്ട്രാർ ഡോ.എ.പ്രവീൺ, ഡീൻ അക്കാഡമിക് ഡോ.വിനു തോമസ്, ജോയിന്റ് ഡയറക്ടർ ഡോ.ബോബി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.