തിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ അതിക്രൂര കൊലകൾ അരങ്ങേറുന്നതിനിടെ ലഹരിമാഫിയകൾ ഏറ്റുമുട്ടുന്നതും പരസ്‌പരം കൊന്നുതീർക്കുന്നതും തലസ്ഥാന ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്നു. മൂന്ന് മാസത്തിനിടെ രണ്ട് അതിക്രൂര കൊലപാതകങ്ങളാണ് ലഹരിമാഫിയ തലസ്ഥാനത്ത് നടത്തിയത്. ഏറ്റവും ഒടുവിലത്തേതാണ് ബീമാപള്ളി സദ്ദാം നഗറിൽ ക്രിമിനൽ കേസ് പ്രതിയായ ഷിബിലിയെ ബീമാപ്പള്ളി കടപ്പുറത്ത് അടിച്ചുകൊന്ന സംഭവം. കഴിഞ്ഞയാഴ്ച കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊന്നതിന്റെ ഞെട്ടൽ മാറുംമുമ്പാണ് ക്രമസമാധാന നിലയ്‌ക്ക് ഭംഗമുണ്ടാക്കുന്ന പുതിയ സംഭവം. ഗുണ്ടാ - ലഹരി സംഘങ്ങൾ അഴിഞ്ഞാടുമ്പോഴും പൊലീസ് - എക്‌സൈസ് വകുപ്പുകൾ നോക്കുകുത്തിയായി. കഞ്ചാവും എം.ഡി.എം.എയും സിന്തറ്റിക്ക് സ്റ്റാമ്പുകളും വിവിധതരം പൗഡറുകളും ഹാഷിഷ് ഓയിലും ലഹരി ഗുളികകളും ഇവിടെ സുലഭമായിട്ടും അധികൃതർക്ക് അനക്കമൊന്നുമില്ല. വിദ്യാർത്ഥികളടക്കം ഈ ലഹരിമാഫിയയുടെ കണ്ണികളാണ്.

 വഴിപാടായി ലഹരിപിടിത്തം

സംസ്ഥാനത്തെ ഏറ്റവും ശക്തമായ പൊലീസ് സാന്നിദ്ധ്യമുള്ള തലസ്ഥാന നഗരത്തിൽ ഗുണ്ടകൾക്ക് പുറമെ ലഹരി മാഫിയ അഴിഞ്ഞാടിയിട്ടും പൊലീസും എക്സൈസും നിസംഗത തുടരുകയാണ്. പൊലീസും ഷാഡോ പൊലീസിന്റെയും എക്‌സൈസും കഞ്ചാവു പിടിക്കുന്നത് വല്ലപ്പോഴുമാണെന്നത് പരസ്യമായ രഹസ്യമാണ്. കടത്തുന്നവരും ചില്ലറ കച്ചവടക്കാരും മാത്രമാണ് പലപ്പോഴും പിടിയിലാകുന്നത്. എന്നാൽ,​ വമ്പൻ സ്രാവുകൾ സുരക്ഷിതരായിരിക്കും. അവരുടെ താവളങ്ങളിൽ റെയ്ഡു നടത്താൻ പൊലീസും മെനക്കെടാറില്ല. ലഹരിക്കടത്ത് സംഘങ്ങളെ കണ്ടെത്തി പിടികൂടാൻ എല്ലാ ജില്ലകളിലും ഡിവൈ.എസ്‌പിമാരുടെ കീഴിൽ പ്രത്യേക സ്‌ക്വാഡുണ്ട്. ഏകോപനത്തിന് പൊലീസ് ആസ്ഥാനത്ത് ഐ.ജിയുമുണ്ട്. പക്ഷേ,​ ഒന്നും നടക്കുന്നില്ല

 താവളങ്ങൾ അറിയാം,​ തൊടില്ല
വാഹനവും പൊതുയിടത്തെ മാലിന്യക്കൂനവരെ മയക്കുമരുന്ന് കടത്തിനായി ഉപയോഗിക്കുന്ന ലഹരി മാഫിയയ്‌ക്ക് തലസ്ഥാനത്ത് താവളങ്ങൾ നിരവധിയാണ്. കരമന,​ തമ്പാനൂർ ബസ് സ്റ്റേഷനു സമീപം, മാനവീയം വീഥി, സ്‌പെൻസർ ജംഗ്ഷൻ, യൂണിവേഴ്സിറ്റി കോളേജിന് മുൻവശം, മ്യൂസിയത്തിനു സമീപമുള്ള ബോധേശ്വരൻ റോഡ്, പട്ടം, കിഴക്കേകോട്ട ഗാന്ധിപാർക്ക്, പുത്തരിക്കണ്ടം മൈതാനം, വഞ്ചിയൂർ,​ ആറ്റുകാൽ,​ കിള്ളിപ്പാലം ബണ്ട് റോഡ് തുടങ്ങിയിടങ്ങളിലൊക്കെ ലഹരി ഉപയോഗവും വില്പനയും വ്യാപകമാണ്. ഇവിടങ്ങളിൽ ലഹരിയുടെ സ്വാധീനത്തിലുണ്ടാവുന്ന തർക്കങ്ങളും സംഘർഷങ്ങളും പലപ്പോഴും കൊലപാതകങ്ങളിൽ കലാശിച്ചിട്ടുണ്ട്.

സമീപകാലത്തെ ലഹരി ആക്രമണങ്ങൾ

2023 നവംബർ 23: കരിമഠം കോളനിയിൽ അർഷാദ് എന്ന യുവാവിനെ ലഹരി മാഫിയ കുത്തിക്കൊന്നു

2024 ജനുവരി 1: പൂച്ചെടിവിള കോളനി സെക്രട്ടറി മനുവിന്റെയും ബന്ധുക്കളുടെയും വീടും വാഹനങ്ങളും ലഹരിസംഘം അടിച്ചു തകർത്തു


2024 ഏപ്രിൽ 13: പൊലീസ് നോക്കിനിൽക്കേ മാനവീയം വീഥിയിൽ ലഹരി സംഘം യുവാവിനെ വെട്ടി

2024 മേയ് 10: കരമനയിൽ അനന്തു എന്ന യുവാവിനെ ലഹരിമാഫിയ പട്ടാപ്പകൽ നടുറോഡിൽ അടിച്ചുകൊന്നു