തിരുവനന്തപുരം: വിമാനയാത്രക്കാരനായ അലക്സ് കൊണ്ടുവന്ന 20 പവൻ അപഹരിക്കാനാണ് കാറിലെത്തിയ സംഘം മുഹമ്മദ് ഉമറിനെ മർദ്ദിച്ച് തട്ടിക്കൊണ്ടുപോയത്. ഉമറിന്റെ കൈയിൽ കൂടുതൽ സ്വർണം ഉണ്ടാകുമെന്ന് കരുതിയാണ് സംഘം ഉമറിനെ പിന്തുടർന്നത്. നാണിയർക്ക് വേണ്ടി 20 പവന്റെ കട്ടിംഗ് ചെയിനാണ് അലക്സ് കൊണ്ടുവന്നത്. എന്നാൽ സ്വന്തം ആവശ്യത്തിന് കൊണ്ടുവന്നതടക്കം അനുവദനീയമായതിനേക്കാൾ കൂടുതൽ സ്വർണം അലക്‌സിന്റെ കൈയിൽ ഉണ്ടായിരുന്നു.
സ്വർണമെടുക്കാൻ ഉമറെത്തി, തട്ടിക്കൊണ്ടുപോകലിന്റെ ചുരുളഴിഞ്ഞു
സംഭവത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. തുടർന്ന് കസ്റ്റംസുമായി ബന്ധപ്പെട്ടു. യാത്രക്കാരനായ കന്യാകുമാരി സ്വദേശി ആന്റണി ജോർജ് അലക്സിന്റെ സ്വർണം ഡ്യൂട്ടി അടയ്‌ക്കാനായി പിടിച്ചുവച്ചിരിക്കുന്നുവെന്ന വിവരം കസ്റ്റംസ് കൈമാറി. ഇയാൾ എത്തുമ്പോൾ വിവരമറിയിക്കാൻ പൊലീസ് നിർദ്ദേശിച്ചു. ആന്റണി ജോർജ് അലക്സ് ഇന്നലെ രാവിലെ സ്വർണം എടുക്കാൻ എത്തിയപ്പോൾ ഇക്കാര്യം കസ്റ്റംസ് പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ് അലക്സിനെ ചോദ്യംചെയ്തു. സ്വർണം തന്റേതല്ലെന്നും പുറത്ത് രണ്ടുപേർ കൂടി ഉണ്ടന്നും അലക്സ് വ്യക്തമാക്കി. ഇതോടെ പുറത്ത് കാത്തുനിന്ന ഉമറിനെയും സുഹൃത്ത് അസറിനെയും കണ്ടത്തി. മൂവരെയും സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ കഥയുടെ ചുരുളഴിഞ്ഞത്.
ഓട്ടോ ഡ്രൈവർ പറഞ്ഞില്ലായിരുന്നെങ്കിൽ
തന്റെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പരിഭ്രാന്തനായ ഓട്ടോ ഡ്രൈവർ വൈശാഖ് പൊലീസിൽ വിവരം അറിയിച്ചില്ലായിരുന്നെങ്കിൽ സംഭവം ആരുമറിയില്ലായിരുന്നു. ഓട്ടോ തടഞ്ഞു നിറുത്തി, ഡ്രൈവറെ പിടിച്ചുവച്ച ശേഷമാണ് ഉമറിനെ കടത്തിക്കൊണ്ടുപോയത്. ഭയന്നുപോയ വൈശാഖ്, രാത്രി തന്നെ പൊലീസ് പട്രോളിംഗ് സംഘത്തോട് ഇക്കാര്യം പറഞ്ഞു. വഞ്ചിയൂർ സ്റ്റേഷൻ അതിർത്തിയിലാണ് സംഭവമെന്നും അവിടെ അറിയിക്കാനുമായിരുന്നു പൊലീസിന്റെ നിർദ്ദേശം. വൈശാഖ് പറഞ്ഞതു കേട്ടപ്പോൾ തന്നെ പൊലീസ് 'സ്വർണക്കടത്ത്' മണത്തു. സിംഗപ്പൂരിൽനിന്നു വന്ന തമിഴ്നാട് സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസ് ആദ്യം കരുതിയത്. വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങളും ഇമിഗ്രേഷൻരേഖകളും പരിശോധിച്ചതിൽ നിന്ന് തട്ടിക്കൊണ്ടുപോയത് യാത്രക്കാരനെ അല്ലെന്നു കണ്ടെത്തി. ഇതോടെയാണു സ്വർണം പൊട്ടിക്കൽ സംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നില്ലെന്ന് പൊലീസ് ഉറപ്പിച്ചത്. തുടർന്ന് സി.സി ടിവി ദൃശ്യങ്ങളിൽ കണ്ട കാറുകൾ കേന്ദ്രീകരിച്ചായി അന്വേഷണം. റെന്റ് എ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്നും കാർ കാക്കാമൂല സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണെന്നും തിരിച്ചറിഞ്ഞു. പ്രതികൾ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്.