കുടിവെള്ളക്ഷാമം സൃഷ്ടിക്കുന്ന ദുരിതങ്ങൾ, കാരണങ്ങൾ, എന്നിവയെപ്പറ്റി അന്വേഷണ പരമ്പര ആരംഭിക്കുന്നു
തിരുവനന്തപുരം: പതിവിനും വ്യത്യസ്തമായി കളിചിരികളില്ലാതെയാണ് മാളു വീട്ടിലേക്ക് വന്നത്. കാര്യമായി ചിന്തിച്ചുകൂട്ടുകയാണ് കക്ഷി. സ്വമേധയാ പറയുമെന്ന് കരുതിയെങ്കിലും നടന്നില്ല. തിരക്കിയപ്പോഴുള്ള മറുപടി ഞെട്ടിച്ചു. 'ഇന്ന് സ്കൂളിൽ ഭരണഘടനയെപ്പറ്റി പഠിപ്പിച്ചു. അതിൽ 21-ാം അനുച്ഛേദത്തിന് കുറേ പ്രത്യേകതകളുണ്ടത്രേ! ഒരു പൗരന് രാജ്യത്ത് ജീവിക്കാനുള്ള അവകാശങ്ങളാണവ. നല്ല ചുറ്റുപാടിൽ ജീവിക്കാനും ശുദ്ധജലം ഉപയോഗിക്കാനുമുള്ള അവകാശവും അതിൽ വരുന്നുണ്ടെന്ന് ടീച്ചർ പറഞ്ഞപ്പോൾ സങ്കടം തോന്നി. നമ്മുടെ വീട്ടിലെന്താ പലപ്പോഴും വെള്ളം കിട്ടാത്തേ....?' മാളു നഗരവാസികളുടെ പ്രതിനിധിയാണ്. കഴിഞ്ഞാഴ്ച ആന്റണിരാജു എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ 'വെള്ളംമുട്ടിച്ചാൽ തെരുവിലിറങ്ങുമെന്ന്' കൗൺസിലർമാർ പ്രഖ്യാപിച്ചിരുന്നു. കുടിവെള്ളപ്രശ്നം നേരിടുന്ന വാർഡുകളിൽ പ്രതിദിനം ആറുമണിക്കൂർ നിശ്ചിതസമയം കുടിവെള്ളം ലഭ്യമാക്കുമെന്നും ജലഅതോറിട്ടി വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ അറിയിച്ചെങ്കിലും ശാശ്വതപരിഹാരം വിദൂരമാണ്.
രാത്രി പകലാക്കി വലിയശാല
സമയം രാത്രി 2.30. നഗരം മൂടിപ്പുതച്ചുറങ്ങുമ്പോൾ അവർ അലാറം വച്ച് എഴുന്നേൽക്കും. കണ്ണുതിരുമ്മി നേരെ പൈപ്പിൻ ചുവട്ടിലേക്ക്! പാത്രങ്ങളിൽ വെള്ളം പിടിച്ചിട്ട് വീണ്ടും ഉറങ്ങാനുള്ള ശ്രമം വിഫലമാകും. ജീവിതക്രമം തെറ്റിയതോടെ ഓഫീസിലെത്തുന്നത് ഉറക്കച്ചടവോടെ, ജീവിതശൈലിരോഗങ്ങൾ വേറെ... വലിയശാല വാർഡിന്റെ നേർച്ചിത്രമിതാണ്. പതിനായിരത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. ബാപ്പുജിനഗർ, കാന്തള്ളൂർ നഗർ,കാവിൽ നഗർ എന്നിവിടങ്ങളിൽ പഴയ കാസ്റ്റ്അയൺ പൈപ്പുകൾ മാറ്റി ഡി.ഐ പൈപ്പുകൾ സ്ഥാപിച്ചതോടെയാണ് ദുരിതം ആരംഭിച്ചതെന്ന് കൗൺസിലർ എസ്.കൃഷ്ണകുമാർ പറഞ്ഞു.
20 ദിവസം - തൈക്കാട്ട് തുള്ളിവെള്ളമില്ല
ഏഴുവർഷമായി തൈക്കാട് നിവാസികൾ കുടിവെള്ളക്ഷാമം അനുഭവിക്കുന്നു. രണ്ടാഴ്ചയിലേറെയായി ശാന്തിവകാടം റോഡ്,കൊച്ചാർ റോഡ്,കാവിൽകടവ് ജംഗ്ഷൻ,ബാങ്ക് മുടുക്ക്,ഡ്രെയിനേജ് റോഡ്,കുരുക്കുവിളാകം എന്നിവിടങ്ങളിൽ വെള്ളം തീരെയില്ല. മേരാനഗർ,ഇറക്കംറോഡ് എന്നിവിടങ്ങളിലും സമാനപ്രശ്നമുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച മുതൽ കുറച്ചെങ്കിലും വെള്ളം ലഭിച്ചുതുടങ്ങിയതായി കൗൺസിലർ ജി.മാധവദാസ് പറഞ്ഞു. വെള്ളമില്ലാത്തതിനാൽ പുറത്തുനിന്നാണ് ജനങ്ങൾ ഭക്ഷണം വാങ്ങുന്നത്. വെള്ളയമ്പലം മുതൽ തൈക്കാട് ആശുപത്രി വരെ സ്മാർട്ട്സിറ്റിയുടെ പണി ആരംഭിച്ചതോടെ മിക്കപ്പോഴും പൈപ്പ് പൊട്ടും. ചെളിവെള്ളം പൈപ്പ് ലൈനിൽ കയറും. എവിടെയാണ് കണക്ഷനെന്ന് സ്മാർട്ട്സിറ്റി കരാറുകാർക്കും ധാരണയില്ല. അപൂർവം വീടുകളിൽ മാത്രമാണ് കിണറുള്ളത്.
വഴുതക്കാട് വൃദ്ധരോടും കരുണയില്ല
തൊണ്ണൂറുകാരിയായ അമ്മ പ്രൊഫ.സുലോചന നായരെ കുറിച്ചോർക്കുമ്പോൾ ഡൽഹിയിൽ ജോലി ചെയ്യുന്ന മകൾ രശ്മിയുടെ ഉള്ളുപിടയും. വഴുതക്കാട് ഉദാരശിരോമണി റോഡിലെ വീട്ടിൽ ഒറ്റയ്ക്കാണ് സുലോചനയുടെ താമസം. ജലഅതോറിട്ടിയുടെ തൊട്ടടുത്തുള്ള പ്രദേശത്ത് കുടിവെള്ളപ്രശ്നം തുടർക്കഥയാണ്. 2500 രൂപ കൊടുത്ത് ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം വാങ്ങുന്നവരുണ്ട്. എന്നാൽ, പുറത്തിറങ്ങി വെള്ളം ശേഖരിക്കാൻ സുലോചനയെപ്പോലുള്ള വൃദ്ധർക്ക് സാധിക്കില്ല. കിടപ്പുരോഗികൾ,ശസ്ത്രക്രിയ കഴിഞ്ഞവർ,അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ എന്നിവർ ആറുമാസമായി വലയുകയാണ്. പ്രതിഷേധിച്ച് നാട്ടുകാർ തളർന്നു. ടാങ്ക് വയ്ക്കാനിടമില്ലാത്ത വീടുകളുമുണ്ട്.
255 കുടുംബങ്ങളാണ് ബാപ്പുജിനഗർ അസോസിയേഷനിലുള്ളത്. ഇടവഴികളിൽ താമസിക്കുന്നവർ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ്
എം.ഷാജുദീൻ, ബാപ്പുജീനഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി(വലിയശാല)
അറിയിപ്പൊന്നുമില്ലാതെ വെള്ളം നിലയ്ക്കും.ഒരുവർഷമായി പ്രശ്നം രൂക്ഷമാണ്.
മഞ്ചു നായർ,ഉദാരശിരോമണിറോഡ് നിവാസി(വഴുതയ്ക്കാട്)
സ്കൂളിൽ പോകുന്ന കുട്ടിയുണ്ട്.നവകേരളസദസിലുൾപ്പെടെ പരാതിപ്പെട്ടിട്ടും ഫലമില്ല
ചിന്നുമോൾ,ഡ്രെയിനേജ് റോഡ് നിവാസി(തൈക്കാട്)