തിരുവനന്തപുരം: വയനാട് ദുരന്ത പശ്ചാത്തലത്തിൽ പരമാവധി സഹായം കിട്ടാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള നിവേദനത്തിന് പുറമെ അനുബന്ധ റിപ്പോർട്ട് കൂടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കും.
എട്ട് വകുപ്പുകൾ തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു വിശദമായ നിവേദനത്തിന്റെ പണിപ്പുരയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ നിവേദനം കേന്ദ്രത്തിന് നൽകും. ഓരോ വകുപ്പുമായും ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കുകൾ വകുപ്പ് മേധാവികൾ തയ്യാറാക്കി ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
മരിച്ചവരുടെ ആശ്രിതർക്കും ഭാഗികമായി അംഗഭംഗം നേരിട്ടവർക്കുമുള്ള നഷ്ടപരിഹാരത്തേക്കാൾ വലിയ തുക പുനരധിവാസത്തിന് വേണ്ടിവരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ദുരന്തബാധിത മേഖലയുടെ പുനർനിർമ്മാണത്തിന് 2000 കോടിയും നഷ്ടപരിഹാരത്തിന് 1200 കോടിയും വേണ്ടിവരുമെന്ന പ്രാഥമിക കണക്കാണ് ഉരുൾപൊട്ടൽ മേഖല സന്ദർശിച്ച കേന്ദ്രസംഘത്തിന് മുന്നിൽവച്ചത്. എന്നാൽ ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകളുടെ പുനർനിർമ്മാണത്തിനും ഭാവിയിൽ ഇത്തരം പ്രകൃതി ദുരന്ത സാദ്ധ്യതയുള്ള പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സഹായമാവും വേണ്ടത്. ഇതിനാണ് അനുബന്ധ റിപ്പോർട്ട് കൂടി തയ്യാറാക്കുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം സന്ദർശിച്ച ഭൗമശാസ്ത്രജ്ഞൻ ഡോ. ജോൺ മത്തായിയുടെ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാവും അനുബന്ധ റിപ്പോർട്ട് തയ്യാറാക്കുക.