swami-sachidananda

ശിവഗിരി: ഗുരുദേവ ശിഷ്യനായ മഹാകവി കുമാരനാശാന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഹോത്സവം ശ്രീനാരായണ ജയന്തി ആയിരുന്നുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുദേവന്റെ 50-ാം ജയന്തി മുതൽ ഗുരുദേവ ജയന്തി രാജ്യത്ത് വിപുലമായി ആഘോഷിച്ചുതുടങ്ങി എന്ന് ചരിത്രമുണ്ട്. മഹാകവി കുമാരനാശാനായിരുന്നു മുഖ്യസംഘാടകൻ. എസ്.എൻ.ഡി.പി.യോഗം സെക്രട്ടറി എന്ന നിലയിൽ അത് വിജയിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കും. ഗുരുദേവന്റെ 60-ാമത് ജയന്തിക്കും ആശാൻ എഴുതിയ നാരായണ മൂർത്തേ ഗുരുനാരായണ മൂർത്തേ എന്ന പ്രാർത്ഥന ലോകമെമ്പാടുമായി ഗുരുഭക്തരുടെ ഇടയിൽ ചെലുത്തിയ സ്വാധീനം പോലെ മറ്റൊരു കവിതയോ ഗ്രന്ഥമോ സംഭവമോ ശ്രീനാരായണീയ ചരിത്രത്തിൽ ഇല്ല. ഇന്ന് ഗ്രാമഗ്രാമാന്തരങ്ങളിൽ ഗുരുദേവ ജയന്തി ആഘോഷിക്കുന്നതിൽ നാം കുമാരനാശാന് മുന്നിൽ ഏറെ കടപ്പെട്ടിരിക്കുന്നു എന്നും സ്വാമി പറഞ്ഞു. കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിയിൽ സംഘടിപ്പിച്ച കവിയരങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി സച്ചിദാനന്ദ. ഡോ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വെട്ടൂർശശി, താണുവൻ ആചാരി, ഡോ.എം. ജയരാജു എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ കവിതകൾ അവതരിപ്പിച്ചു.