തിരുവനന്തപുരം: ബീമാപള്ളിയിൽ കൊല്ലപ്പെട്ട ഗുണ്ടാലിസ്റ്റിലുൾപ്പെട്ട ഷിബിലി ജാമ്യത്തിലിറങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ. ലഹരി വില്പന നടത്തിയതിനെ എതിർത്ത പളളി കമ്മിറ്റി സെക്രട്ടറിയെ മർദ്ദിച്ച കേസിലാണ് ഷിബിലി ജയിലിലായത്. കേസിലെ പ്രതികളും ഷിബിലിയും മുമ്പ് ലഹരിക്കച്ചവടം നടത്തികയും പിന്നീട് തെറ്റുകയുമായിരുന്നു. പിന്നീട് ഇവർ തമ്മിൽ സ്ഥിരം സംഘർഷമുണ്ടായിരുന്നു. നിരോധിത പുകയില ഉത്പനങ്ങൾ ഈ പ്രദേശങ്ങളിൽ വൻ തോതിൽ വിൽക്കുന്നുണ്ട്. എം.ഡി.എം.ഐ,എൽ.എസ്.ഡി സ്റ്റാംപ്,മെറ്റാഫെറ്റമിൻ എന്നീ ലഹരികൾ പ്രദേശത്ത് വ്യാപകമാണെന്നാണ് എക്സൈസ് റിപ്പോർട്ട്. ഇവിടെ നിന്ന് തൂത്തുകുടി വഴി കടൽ മാർഗം ലഹരി ശ്രീലങ്കയിലേക്കും കടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
കൊല്ലപ്പെട്ടത് നിരവധി കേസുകളിലെ പ്രതിയാണ്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. നഗരത്തിലെ ഗുണ്ടാ ലഹരി കേസിൽപ്പെട്ടവരെ നിരീക്ഷിക്കുന്നതും അതിന് വേണ്ടിയുള്ള പരിശോധനയും നടക്കുകയാണ്
- ജി.സ്‌പർജൻകുമാർ, സിറ്റി പൊലീസ് കമ്മിഷണർ