തിരുവനന്തപുരം: പൊതുഭരണവകുപ്പിലെ പൊളിറ്റിക്കൽ വിഭാഗത്തെ പ്രോട്ടോക്കോൾ എന്നാക്കി ചീഫ് സെക്രട്ടറി വി. വേണുവിന്റെ ഉത്തരവ്. കൈകാര്യം ചെയ്യുന്ന ജോലിക്കനുസൃതമായാണ് പേര് മാറ്റമെന്നും ഉത്തരവിലുണ്ട്.
ഉന്നത വ്യക്തികൾ, സംസ്ഥാന അതിഥികൾ, വിദേശ വി.ഐ.പികൾ എന്നിവരുടെ സന്ദർശനം, പ്രോട്ടോക്കോൾ, ആതിഥ്യമര്യാദ നിയമങ്ങൾ, കീഴ്‌വഴക്കം അനുസരിച്ചുള്ള കാര്യങ്ങൾ, സ്വാതന്ത്ര്യ / റിപ്പബ്ലിക് ദിന ആഘോഷം, മന്ത്രിമാരുടെ സത്യപ്രതിജ്ഞ, വകുപ്പ് വിഭജനം, വിശിഷ്ട വ്യക്തികളുടെ മരണം എന്നിവ പ്രധാനമായും കൈകാര്യം ചെയ്യുന്ന വകുപ്പിനായിരുന്നു പൊളിറ്റിക്കൽ എന്ന് പേരുണ്ടായിരുന്നത്. ഇതാണ് പ്രോട്ടോക്കോൾ എന്നാക്കിയത്.
കൂടാതെ കേരളത്തിലെ സർക്കാർ അതിഥി മന്ദിരങ്ങൾ, കെ.ടി.ഡി.സി. ചെന്നൈ (ഔദ്യോഗിക സന്ദർശനങ്ങൾക്കായി മാത്രം), ന്യൂഡൽഹി, മുംബയ്, കന്യാകുമാരി എന്നിവിടങ്ങളിലുള്ള കേരള ഹൗസുകളുടെ റിസർവേഷൻ, കേരള രാജ്ഭവൻ, ന്യൂഡൽഹി റസിഡന്റ് കമ്മിഷണർ ഓഫീസ് എന്നിവയുടെ മേൽനാട്ടവുമുണ്ട്. കേരളത്തിലുള്ള വിദേശ രാജ്യങ്ങളുടെ കോൺസുലേറ്റുകളുടെ കാര്യങ്ങളും നോക്കണം.
പൊതുഭരണ വകുപ്പിലെ മറ്റ് പ്രധാന വിഭാഗങ്ങൾ
ചീഫ് സെക്രട്ടറിയുടെ ഓഫീസ്- ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം, ക്യാബിനറ്റ് തീരുമാനങ്ങളുടെ നിരീക്ഷണവും തുടർനടപടികളും, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളുടെ പരിപാലനം, സ്ഥാനക്കയറ്റം എന്നിവ, പത്മാ അവാർഡുകൾക്കുള്ള ശുപാർശ.
രഹസ്യ വിഭാഗം-ജീവൻ രക്ഷാ പതക്ക് അവാർഡുകൾ, യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകളുടെ നടത്തിപ്പ് തുടങ്ങിയവ
സ്‌പെഷ്യൽ എ-ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കാര്യങ്ങൾ
സ്‌പെഷ്യൽ സി-ഐ.എഫ്.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കാര്യങ്ങൾ
ചീഫ് സെക്രട്ടറിയുടെ പെറ്റീഷൻ സെൽ-രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഓഫീസുകളിൽ നിന്നുള്ള സർക്കാരുമായി ബന്ധപ്പെട്ട നിവേദനങ്ങൾ കൈകാര്യം ചെയ്യുക.
എംപ്ലോയ്‌മെന്റ് സെൽ-എസ്.സി/എസ്.ടി വിഭാഗത്തിന്റെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്
സമാശ്വാസതൊഴിൽ സെൽ-ആശ്രിത നിയമനം
അക്കൗണ്ട്സ്- മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം
പബ്ലിക് റിലേഷൻസ്-സർക്കാർ നയങ്ങൾ, പരിപാടികൾ, പദ്ധതികൾ, സംരംഭങ്ങൾ, നേട്ടങ്ങൾ എന്നിവയെ പറ്റിയുള്ള വിവരങ്ങൾ ജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും നൽകുക.