തിരുവനന്തപുരം: സ്ക്രാച്ച് ആൻഡ് വിൻ പദ്ധതിയിലൂടെ എട്ട് ലക്ഷം രൂപ സമ്മാനം ലഭിക്കാനായി തട്ടിപ്പുകാർക്ക് യുവതി നൽകിയത് 22.90 ലക്ഷം രൂപ. തിരുവനന്തപുരം കാക്കാമൂല സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. കൊറിയറിൽ അയച്ചുകൊടുത്ത സ്‌ക്രാച്ച് ആൻഡ് വിൻ കാർഡിലൂടെയായിരുന്നു തട്ടിപ്പ്. 2023 ഡിസംബർ മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നു പറഞ്ഞ് ഒരാൾ യുവതിയെ ഫോണിൽ വിളിച്ചു. കാർഡ് ഉരച്ചപ്പോൾ എട്ടു ലക്ഷം രൂപയാണു സമ്മാനമായി കിട്ടിയതെന്നും ജി.എസ്.ടിയും പ്രോസസിംഗ് ഫീസും ആദായനികുതിയുമടക്കമുള്ള തുക നൽകണമെന്നു വിളിച്ചയാൾ യുവതിയോട് ആവശ്യപ്പട്ടു. ഈ നൽകുന്ന തുക സമ്മാനത്തുകയ്ക്ക് ഒപ്പം തിരികെ നൽകുമെന്നും തട്ടിപ്പുകാരൻ വിശ്വസിപ്പിച്ചു. ഇതോടെ യുവതി തട്ടിപ്പുകാർ ആവശ്യപ്പെട്ട പണം നൽകുകയായിരുന്നു. അടുത്തിടെ വിവരം പിതാവ് അറിഞ്ഞതോടെയാണ് ഇതു തട്ടിപ്പാണെന്ന് മനസിലായത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.