തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ളപ്രശ്നം നേരിടുന്ന വാർഡുകളിൽ പ്രതിദിനം ആറുമണിക്കൂർ നിശ്ചിത സമയം കുടിവെള്ളം ലഭ്യമാക്കുമെന്ന് ജല അതോറിട്ടി അറിയിച്ചു. പുലർച്ചെ 4 മുതൽ 7 വരെയും വൈകിട്ട് 5 മുതൽ 8 വരെയും വെള്ളം എത്തിക്കും. ഒരുമാസത്തിനകം പ്രശ്നത്തിന് പൂർണപരിഹാരം കാണാനാകുമെന്ന് ജല അതോറിറ്റി സംയുക്ത യോഗത്തിൽ അറിയിച്ചു. വെള്ളയമ്പലത്തെ മെയിൻ ടാങ്കിലെ വെള്ളത്തിന്റെ കുറവാണ് ഒമ്പത് വാർഡുകളിലെ കുടിവെള്ളപ്രശ്നത്തിന് കാരണം. വെള്ളയമ്പലം മുതൽ ആൽത്തറ ജംഗ്ഷൻ വരെയുള്ള ഭാഗത്തേക്ക് പി.ടി.പി നഗറിൽ നിന്ന് 350 എം.എം പൈപ്പ് ഇടണം. വഴുതയ്ക്കാട്, തൈക്കാട്, വലിയശാല, വഞ്ചിയൂർ, പാളയം, തമ്പാനൂർ, ശ്രീകണ്‌ഠേശ്വരം എന്നിവയാണ് കുടിവെള്ളപ്രശ്നം നേരിടുന്ന വാർഡുകൾ. കൗൺസിലർമാരായ എസ്.കൃഷ്ണകുമാർ, ജി.മാധവദാസ്, രാഖി രവികുമാർ, പാളയം രാജൻ, സി.ഹരികുമാർ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്മാർട്ട്സിറ്റി, കെ.ആർ.എഫ്.ബി, ജലഅതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യോഗം ചേർന്നത്.