വിതുര: വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ കാട്ടുപോത്ത് ശല്യം രൂക്ഷം.പൊന്മുടി അപ്പർസാനിറ്റോറിയം സീതാതീർത്ഥത്തിനടുത്താണ് കഴിഞ്ഞ ദിവസം കാട്ടുപോത്തുകൾ ഇറങ്ങിയത്. അപ്പോൾ ധാരാളം ടൂറിസ്റ്റുകൾ പ്രദേശത്തുണ്ടായിരുന്നു.
പൊലീസും,വനപാലകരും,ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയംഗങ്ങളും ചേർന്ന് കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക് തുരത്തിവിട്ടു.രണ്ട് ദിവസം മുൻപ് പൊൻമുടി മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തിയിരുന്നു. മാത്രമല്ല എസ്റ്റേറ്റ് തൊഴിലാളികളുടെ കൃഷിയും നശിപ്പിച്ചു. പൊൻമുടി കല്ലാർ റൂട്ടിലും കാട്ടാനശല്യം രൂക്ഷമാണ്.
പ്രതികൂല കാലാവസ്ഥയാണെങ്കിലും സഞ്ചാരികൾ ഒഴുകുകയാണ്.അവധി ദിനങ്ങളിലാണ് കൂടുതൽപേർ എത്തുന്നത്.വനംവകുപ്പിന് പാസ് ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനവും ലഭിക്കുന്നുണ്ട്. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനായി നിരവധി പേർ പൊൻമുടിയിലെത്തിയിരുന്നു.
പകൽ സമയത്തും
പൊന്മുടി, കല്ലാർ മേഖലകളിൽ കാട്ടാനയുടെയും, കാട്ടുപോത്തിന്റെയും ശല്യം രൂക്ഷമാണ്.പകൽസമയത്തും പൊന്മുടി റോഡരികിൽ കാട്ടാനകളെ കാണാം. രാത്രിയിൽ റോഡിലാണ് അന്തിയുറക്കും. നേരത്തേ രണ്ടുതവണ പൊൻമുടി ഗവൺമെന്റ് സ്കൂളിന് സമീപത്തും,പൊൻമുടി പൊലീസ് സ്റ്റേഷന് സമീപത്തും പുലിയിറങ്ങി ഭീതി പരത്തിയിരുന്നു.
മഴ ശക്തം
പൊന്മുടി മേഖലയിൽ ഇപ്പോൾ ശക്തമായ മഴപെയ്യുകയാണ്.മഴയ്ക്കൊപ്പം മഞ്ഞ് വീഴ്ചയുമുണ്ട്.മഴ കോരിച്ചൊരിഞ്ഞതിനെ തുടർന്ന് മൂന്നുതവണ മലവെള്ളപ്പാച്ചിലുമുണ്ടായി.മഴ കനത്തതോടെയാണ് കാട്ടുമൃഗശല്യവും രൂക്ഷമായത്.മഴ ഇനിയും ശക്തിപ്രാപിച്ചാൽ വീണ്ടും പൊന്മുടി അടയ്ക്കാനുള്ള സാദ്ധ്യതയുമുണ്ട്.