നമ്മുടെ സിനിമകളും പതുക്കെ മാറുകയാണ്. നായകൻ, വില്ലൻ ഫോർമാറ്റിൽ നിന്ന് മാറി യഥാർത്ഥ ജീവിതത്തിൽ നിന്ന് അടർത്തിമാറ്റുന്ന ജീവനുള്ള സംഭവങ്ങളെ ചുറ്റിപ്പറ്റി ഒട്ടേറെ നല്ല സിനിമകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങുകയുണ്ടായി. നമ്മുടെ ചുറ്റും കാണുന്ന സാധാരണ മനുഷ്യരെ പോലുള്ളവരാണ് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതു മാത്രമല്ല തിരക്കഥയുടെ ശക്തി ഇത്തരം സിനിമകളിൽ അനുഭവിച്ചറിയാനാകും. പൂർവ മാതൃകകൾ മിക്കവാറും പിന്തള്ളിയുള്ള സംവിധാന രീതിയാണ് പുതുതായി കടന്നുവരുന്ന സംവിധായകർ അവലംബിക്കുന്നത് എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. പഴയ കാലങ്ങളിലെ പരീക്ഷണ ചിത്രങ്ങളുടെ ജാടകളൊന്നും പുതിയ സംവിധായകർ പിന്തുടരാത്തതിനാൽ ജനങ്ങൾക്ക് വളരെ ആസ്വാദ്യകരമായാണ് ഈ പുതിയ ചിത്രങ്ങൾ മാറുന്നത്. മലയാളത്തിൽ നിന്ന് സർഗപ്രതിഭയുള്ള നിരവധി ചലച്ചിത്ര പ്രവർത്തകർ ഉയർന്നുവരുന്നുമുണ്ട്. ബൗദ്ധിക ഗർവ്വൊന്നും ഇല്ലാതെ സത്യസന്ധമായും ഹൃദയത്തിന്റെ ഭാഷയിലും ജീവിത കഥകൾ പറഞ്ഞാൽ അതു കേൾക്കാനും കാണാനും എന്നും ആളുകളുണ്ടാകും. ഇത്തരം ചിത്രങ്ങളാണ് ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങൾ ഇത്തവണ ലഭിച്ചതിൽ അധികവും. 2023-ലെ ചിത്രങ്ങൾക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും 2022-ലെ ചിത്രങ്ങൾക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ഒരേ ദിവസമാണ് പ്രഖ്യാപിച്ചത് എന്ന കൗതുകവും ഇത്തവണ ഉണ്ടായി.
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ കേരളത്തിന് അഭിമാനിക്കാൻ ഏറെ വകയുണ്ട്. ഫീച്ചർ വിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രമായി 'ആട്ടം" മാറിയത് അസാമാന്യമായ രീതിയിൽ നല്ല സിനിമ ആയതുകൊണ്ട് തന്നെയാണ്. ഇക്കാലത്ത് തത്വാധിഷ്ഠമായ നിലപാട് എന്നത് ഭൂരിപക്ഷം പേർക്കും ഇല്ലെന്നും സാമ്പത്തിക സ്വാധീനങ്ങളിലും സ്വാർത്ഥതയിലും ഉരുത്തിരിയുന്നതാണ് ഓരോരുത്തരുടെയും 'വ്യക്തിത്വ'മെന്നും സമർത്ഥമായും കലാപരമായും ചൂണ്ടിക്കാട്ടുന്ന സിനിമയാണ് ആട്ടം. ഈ ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിനും അർഹനായി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയും ദേശീയ അവാർഡിനുള്ള പ്രാദേശിക ജൂറിയും പാടെ തഴഞ്ഞ ചിത്രമെന്ന പ്രത്യേകതയും ആട്ടത്തിനുണ്ട്. മഹേഷ് ഭുവനേന്ദിന് മികച്ച എഡിറ്റിംഗിനുള്ള അവാർഡ് ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് കേന്ദ്രത്തിൽ ആട്ടം നേടിയത്. മുൻകാലങ്ങളിലും ഇതുപോലൊക്കെ സംഭവിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് സ്വയംവരത്തെ തഴഞ്ഞതു പോലെയുള്ള ഒരു തഴയൽ എന്ന് കരുതിയാൽ മതി.
തമിഴ് ചിത്രം തിരുച്ചിത്രമ്പലത്തിലൂടെ നിത്യമേനോൻ മികച്ച നടിയായതും മലയാളത്തിന് അഭിമാനം പകരുന്നതാണ്. കന്നഡ ചിത്രം കാന്താരയിലൂടെ ഋഷഭ് ഷെട്ടി മികച്ച നടനായി.
തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്കയാണ് മികച്ച മലയാള ചിത്രം. ഈ സിനിമയിലെ ചായും വെയിൽ എന്ന ഗാനത്തിലൂടെ ബോംബെ ജയശ്രീ മികച്ച ഗായികയായി. മാളികപ്പുറത്തിലൂടെ ശ്രീപദ് മികച്ച ബാലതാരമായി.
മരുഭൂമിയിലെ അതിജീവിതത്തിന്റെ കഥ പറഞ്ഞ ആടുജീവിതമാണ് മികച്ച സംവിധായകനുള്ള അവാർഡ് ബ്ളെസിക്കും മികച്ച നടനുള്ള അവാർഡ് പൃഥ്വിരാജിനും ഉൾപ്പെടെ ഒൻപത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയത്. ഏറ്റവും മികച്ച ചിത്രമായത് ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നിർമ്മിക്കുകയും നായകനായി അഭിനയിക്കുകയും ചെയ്ത കാതൽ ദി കോർ എന്ന ചിത്രമാണ്. ഇമേജിന്റെ മുഖംമൂടികളിൽ നിന്നും പുറത്തുവന്ന അസാധാരണമായ അഭിനയമാണ് ഈ ചിത്രത്തിൽ മമ്മൂട്ടി കാഴ്ചവച്ചതെന്നും പറയാതിരിക്കാനാവില്ല. മത്സരത്തിൽ പങ്കെടുത്ത ഉള്ളൊഴുക്കും അതിമനോഹരമായ ചിത്രമായിരുന്നു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിയും തടവ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ബീന ആർ. ചന്ദ്രനും മികച്ച നടിമാരായി.
ജനനം: 1947, പ്രണയം തുടരുന്നു എന്ന ചിത്രത്തിൽ പതിരാണെന്നോർത്തോരു കനവിൽ.... എന്ന ഗാനം ആലപിച്ചതിന്
പി.എസ്. വിദ്യാധരൻ എന്ന സംഗീതസംവിധായകന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചത് ഏറെ പ്രശംസനീയമാണ്. ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ച എല്ലാ കലാകാരൻമാരെയും കൂടുതൽ അവസരങ്ങൾ നൽകി ചലച്ചിത്ര ലോകം അഭിനന്ദിക്കട്ടെ എന്ന് ആശംസിക്കാം.